ആറന്മുള : അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് ആറന്മുള, തോട്ടപ്പുഴശ്ശേരി, മല്ലപ്പുഴശ്ശേരി, നാരങ്ങാനം എന്നീ കൃഷിഭവനുകളുടെയും കർഷകരുടെയും സഹകരണത്തോടെ ഏത്തക്ക, ചേന, പാവയ്ക്ക, വെള്ളരിക്ക, വെണ്ടയ്ക്ക, കറിവേപ്പില, കുമ്പളങ്ങ, മത്തങ്ങ, കൈതച്ചക്ക, പടവലങ്ങ എന്നിവ പള്ളിയോട സേവാസംഘത്തിന് നൽകി. ഏറ്റവും കൂടുതൽ ഭക്തജനങ്ങൾ പങ്കെടുക്കുന്ന അന്നദാന ചടങ്ങായ അഷ്ടമിരോഹിണി വള്ളസദ്യക്ക് നാട്ടിൽ തന്നെ വിളയിച്ച വിഷരഹിത പച്ചക്കറികൾ സമർപ്പിക്കുന്നതിന് ഭാഗമായാണ് ഇവ കൈമാറിയത്.അഷ്ടമിരോഹിണി വള്ളസദ്യയുടെയും കാർഷിക സംസ്‌കൃതിയുടെയും പെരുമ കൂടുകയും കർഷകർക്ക് വരുമാനം വർധിക്കുകയും ചെയ്യുമെന്ന ഉദ്ദേശത്തോടെയാണ് ആറന്മുള വികസന സമിതിയും കൃഷിഭവനും പള്ളിയോട സേവാസംഘവും ചേർന്ന് ഈ പദ്ധതിക്ക് കഴിഞ്ഞവർഷം തുടക്കം കുറിച്ചത്.
വരും വർഷങ്ങളിൽ അഷ്ടമിരോഹിണി വള്ളസദ്യയുൾപ്പെടെയുള്ള എല്ലാ വള്ളസദ്യകൾക്കും ഈ പ്രദേശങ്ങളിൽതന്നെ കൃഷിചെയ്ത പച്ചക്കറികൾ ലഭ്യമാക്കുന്നതിനാണ് പദ്ധതിയിൽ കൂടി ഉദ്ദേശിക്കുന്നത്. വിവിധ കൃഷി ഭവനിൽനിന്നു കൊണ്ടുവന്ന പച്ചക്കറി ഉത്പന്നങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെഎസ് ബിനോയിയും ആറന്മുള വികസന സമിതി പ്രസിഡന്‍റ് പിആർ രാധാകൃഷ്ണനും ചേർന്ന് പള്ളിയോട സേവാസംഘം വൈസ് പ്രസിഡന്‍റ് സുരേഷ് വെൺപാല, അഷ്ടമിരോഹിണി വള്ളസദ്യ കൺവീനർ കെജിഎസ് കർത്ത എന്നിവർക്ക് കൈമാറി.