ചെങ്ങന്നൂർ : വരുന്ന മുണ്ടകൻ, പുഞ്ച കൃഷിക്കായി കർഷകർ ആവശ്യപ്പെട്ട വിത്തെത്തിക്കാൻ കൃഷിവകുപ്പ് നടപടി തുടങ്ങി. കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ മൂപ്പുകുറഞ്ഞ വിത്തുകൾ കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയയിനം വിത്തുകളായ മനുരത്ന, സ്വർണപ്രഭ തുടങ്ങിയവയോടാണ് കർഷകർക്കു പ്രിയം. കാലംതെറ്റിയ കാലാവസ്ഥയായതിനാൽ മൂപ്പുകുറവുള്ള വിത്തുകൾക്കാണ് ഇനി കൂടുതൽ സാധ്യതയെന്ന് കർഷകർ പറയുന്നു. അതേസമയം പുതിയയിനം വിത്തുകൾ പരിമിതമാണെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പുഞ്ചക്കൃഷിക്ക് മനുരത്നയും മുണ്ടകന് ഉമയും ആവശ്യപ്പെട്ട പാടശേഖരസമിതികളുണ്ട്.
കൃഷിവകുപ്പിന്റെ കാർഷികഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പുതിയ വിത്തുകൾ സുലഭമല്ലാത്തതിനാൽ ഭൂരിപക്ഷം കർഷകരും പരമ്പരാഗതയിനങ്ങളായ ഉമ, ജ്യോതി എന്നിവയെയാണ് കൂടുതലും ആശ്രയിക്കുന്നത്. ഇതിൽത്തന്നെ ചെങ്ങന്നൂർ മേഖലയിൽ ഉമയാണ് കൂടുതൽ വാങ്ങുന്നത്. പാരമ്പര്യമായി പിന്തുടരുന്ന കൃഷിരീതികൾ കൈവിടാൻ മടിക്കുന്നവരെ കാലാവസ്ഥാമാറ്റവും വരിനെല്ലുമാണ് മാറ്റത്തിനു പ്രേരിപ്പിച്ചത്. ഉമയ്ക്ക് കുറഞ്ഞത് 120 ദിവസം വേണ്ടിവരുമ്പോൾ മനുരത്നയ്ക്ക് 105 ദിവസം മതി. അതേസമയം, സ്വർണപ്രഭ 85-90 ദിവസത്തിനുള്ളിൽ വിളവെടുക്കാം. കഴിഞ്ഞ സീസണിൽ ഇടവിട്ടുള്ള മഴമൂലം പുഞ്ചക്കൃഷി ഏറെ വൈകിയിരുന്നു. ഈ വർഷം എങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ കർഷകർക്ക് ആശങ്കയുണ്ട്. അടുത്ത മാസം പകുതിയോടെ കൃഷിഭവനുകളിൽ വിത്തെത്തുമെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് കർഷകർ പറയുന്നു. മൂപ്പുകുറവുള്ള വിത്തുകൾ എത്രമാത്രം ലഭ്യമാക്കുമെന്ന കാര്യത്തിൽ കൃഷിവകുപ്പിന് ഉറപ്പില്ല.