തിരുവനന്തപുരം : പിഴയിട്ടും താക്കീതും നൽകി വിടുകയും ഹ്രസ്വകാലത്തേക്ക് ലൈസൻസ് റദ്ദാക്കുകയും ചെയ്യുന്നതിന് പകരം കുറ്റം ചെയ്തവർക്കെതിരെ കടുത്ത നടപടിയുമായി മുന്നോട്ട് പോകാന്‍ മോട്ടോർ വാഹനവകുപ്പ് ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾ തടയാൻ തുടങ്ങിയ പരിശോധനകൾ സംസ്ഥാനത്തെ നിരത്തുകളിലോടുന്ന മറ്റ് വാഹനങ്ങളിലേക്കും കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം.
നിയമ ലംഘനത്തിന് ലൈസൻസ് റദ്ദാക്കിയാൽ ആർടിഒ ഹിയറിങ് കഴിഞ്ഞ് അധികം വൈകാതെ തിരിച്ചുകിട്ടുന്നതാണ് നിലവിലെ രീതി. എന്നാൽ ഇനി ലൈസൻസ് റദ്ദാക്കിയാൽ തിരികെ കിട്ടുന്നതിനുള്ള കാലപരിധി കർശനമാക്കും. ഒപ്പം നിശ്ചിത സമയത്തെ നിർബന്ധിത സാമൂഹികസേവനവും ഏർപ്പെടുത്തും. ഗുരുതരമായ വാഹന അപകടങ്ങളില്‍ പ്രതികളാവുകയും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ട്രോമാകെയര്‍ സെന്ററുകളിലും പാലിയേറ്റീവ് കെയറുകളിലും മൂന്നു ദിവസത്തില്‍ കുറയാത്ത നിര്‍ബന്ധിത സാമൂഹിക സേവനം ഏര്‍പ്പെടുത്തും.