ഓതറ : ഓതറ ആൽത്തറ ജംഗ്ഷൻ മുതൽ കുറ്റൂർ ആറാട്ടുകടവ് ജംഗ്ഷൻ വരെയുള്ള റോഡ് കഴിഞ്ഞ നിരവധി വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാത്ത രീതിയിൽ കുണ്ടും കുഴിയും മായി അപകടനിലയിൽ ആണെന്നും അടിയന്തിരമായി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തണമെന്നും യുഡിഎഫ് ജില്ലാ ചെയർമാനും കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ടും കൂടിയായ അഡ്വക്കേറ്റ് വർഗീസ് മാമൻ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓതറ ആൽത്തറ ജംഗ്ഷൻ മുതൽ കുറ്റൂർ ആറാട്ടുകടവ് ജംഗ്ഷൻ വരെ നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വാഹന നികുതി ഉൾപ്പെടെ എല്ലാ നികുതികളും വർദ്ധിപ്പിച്ച ഗവൺമെന്റ് റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും മെയിന്റനൻസിനുമായി തുക ചെലവഴിക്കുന്നില്ല എന്ന് മാത്രമല്ല ജനങ്ങളുടെ യാത്ര ദുരിതപൂർണ്ണമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ കാര്യത്തിൽ തിരുവല്ല എംഎൽഎ ജനങ്ങൾക്ക് നേരെ പുറം തിരിഞ്ഞു നിൽക്കുന്ന നടപടി പ്രതിഷേധാർഹം ആണെന്നും അദ്ദേഹം പറഞ്ഞു. കുറ്റൂർ പഞ്ചായത്തിലെ എല്ലാ റോഡുകളും താറുമാറായ അവസ്ഥയിലാണ് അടിയന്തിരമായി ഈ റോഡുകളെല്ലാം സഞ്ചാരയോഗ്യം ആക്കണമെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടികളിൽ നിന്നും സർക്കാരുകളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പിന്തിരിയണമെന്നും കേരള കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് കുറ്റൂർ മണ്ഡലം പ്രസിഡണ്ട് മാത്യു മുളമൂട്ടിൽ അധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള, സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ജോ ഇലഞ്ഞിമൂട്ടിൽ, ജോസ് തേക്കാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിനു തോമ്പും കുഴി, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡണ്ട് മാത്യു, അനീഷ് വി ചെറിയാൻ, ഷാനു മാത്യു, ഉഷ അരവിന്ദൻ, ജെയിംസ് നാക്കാട്ടുപറമ്പിൽ, രഞ്ജി മാത്യു,വിനോദ് പ്ലാമൂട്ടിൽ, എബ്രഹാം മാത്യു മൂളമുട്ടിൽ, എബ്രഹാം പിടിക്ക പറമ്പിൽ എന്നിവർ പ്രസംഗിച്ചു.