തിരുവല്ല : ഓതറ സർവീസ് സഹകരണ ബാങ്കിനെതിരെ (ക്ലിപ്തം നമ്പര്‍ 306) പരാതിയുമായി നിക്ഷേപകര്‍. കഴിഞ്ഞ നാല് വർഷമായി പണത്തിനുവേണ്ടി കയറിയിറങ്ങുകയാണെന്നും ഇത് സംബന്ധിച്ച് സഹകരണ വകുപ്പിനും പോലീസിനും പരാതി നല്‍കിയിട്ടുണ്ടെന്നും ആക്ഷന്‍ കൌണ്‍സില്‍ കോഡിനേറ്റര്‍ തോമസ് വര്‍ഗീസ് പറഞ്ഞു. 2023 വരെ യു.ഡി.എഫും ഇപ്പോള്‍ എല്‍.ഡി.എഫുമാണ് ഭരണം നിയന്ത്രിക്കുന്നത്. ഇരു വിഭാഗവും നിക്ഷേപകരെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് ഇടപാടുകാര്‍ പറയുന്നു.
വായ്പകള്‍ തിരിച്ചുപിടിക്കാന്‍ ഭരണസമിതി താല്‍പ്പര്യം കാണിക്കുന്നില്ല. നിത്യചെലവിന് പണമില്ലാതെ നിക്ഷേപകര്‍ വിഷമിക്കുമ്പോഴും റിട്ടയര്‍ ചെയ്ത മുന്‍ സെക്രട്ടറിക്ക് വന്‍ തുക ആനുകൂല്യങ്ങളായി നല്‍കി. ചിട്ടി പോലുള്ള പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ ഒന്നും തുടങ്ങുവാന്‍ ബാങ്ക് ഭരണസമിതി തയ്യാറാകുന്നില്ല. നിക്ഷേപകരില്‍ ബഹുഭൂരിപക്ഷവും വയോധികരാണ്. ചികിത്സക്കും മരുന്നിനും പണമില്ലാതെ വിഷമിക്കുകയാണ് നിക്ഷേപകര്‍. ബാങ്കിന്റെ ഭരണം പിടിച്ചെടുക്കാന്‍ താല്‍പ്പര്യം കാണിച്ച എല്‍.ഡി.എഫ്, ബാങ്ക് നിലനിര്‍ത്തിക്കൊണ്ട് പോകുവാനോ നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാനോ തയ്യാറാകുന്നില്ലെന്നും ആക്ഷന്‍ കൌണ്‍സില്‍ കുറ്റപ്പെടുത്തി.