പത്തനംതിട്ട : കോളേജുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തോട്ടക്കോണം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമാണ് കാണുന്നത്. നിരവധി സ്‌കൂളുകള്‍ക്കായി അടൂര്‍ നിയോജകമണ്ഡലത്തില്‍ ഫണ്ടുകള്‍ അനുവദിച്ചു. തെങ്ങമം ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍, പേരിങ്ങനാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവയ്ക്കും ഫണ്ട് അനുവദിച്ചു. അടൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ് അധ്യക്ഷത വഹിച്ചു. പന്തളം നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി മാത്യു, മാരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാധാ വിജയകുമാര്‍, പന്തളം നഗരസഭ കൗണ്‍സിലര്‍മാരായ ശ്രീദേവി, കെ. ആര്‍. രവി, ഉഷാമധു, ടി.കെ. സതി, എസ്. അരുണ്‍, സ്‌കൂള്‍ ജാഗ്രതാസമിതി കണ്‍വീനര്‍ മണിക്കുട്ടന്‍, മുന്‍ പ്രിന്‍സിപ്പല്‍ സാബുജി വര്‍ഗീസ്, തോട്ടക്കോണം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എല്‍. മായ എന്നിവര്‍ സന്നിഹിതരായിരുന്നു.