കൊല്‍ക്കത്ത: കൺഫേം ടിക്കറ്റുണ്ടായിട്ടും അപ്പർ ബർത്തിൽ ഞെരുങ്ങി യാത്ര ചെയ്യേണ്ട ഗതികേടിലായി യുവതി. യോഗ് നഗരി ഋഷികേശ് ഹൗറ എക്സ്പ്രസിലാണ് സംഭവം. സഹയാത്രികർ യുവതിയുടെ സീറ്റിൽ ഇരിക്കുകയും അത് ഒഴിയാൻ വിസമ്മതിക്കുകയുമായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പോസ്റ്റിൽ ഒരു എക്സ് ഉപയോക്താവ് തന്‍റെ സഹോദരിക്ക് ട്രെയിനില്‍ നേരിടേണ്ടി വന്ന ദുരനുഭവം വിവരിക്കുകയായിരുന്നു. എന്നാല്‍ ഉടൻ തന്നെ റെയില്‍വേ അധികൃതര്‍ ഈ വിഷയത്തില്‍ ഇടപെടുകയും യുവതിയെ സഹായിക്കുകയും ചെയ്തു. യുവതിയുടെ സീറ്റില്‍ ഒരു കുടുംബം ഇരിക്കുന്നതിന്‍റെ ചിത്രങ്ങളടക്കമാണ് എക്സില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ആദ്യമായാണ് തന്‍റെ സഹോദരി ഒറ്റയ്ക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതെന്നാണ് വൈറലായ പോസ്റ്റിൽ യുവതി കുറിച്ചു. ട്രെയിൻ എത്താൻ മൂന്ന് മണിക്കൂര്‍ വൈകി. സീറ്റിന് അടുത്ത് എത്തിയപ്പോള്‍ ഒരു അങ്കിളും കുടുംബവുമാണ് ഇരുന്നിരുന്നത്.
തുടര്‍ന്ന് ഇത് തന്‍റെ സീറ്റാണെന്ന് പറഞ്ഞപ്പോള്‍ അങ്കിള്‍ ആക്രോശിക്കുകയായിരുന്നുവെന്ന് യുവതി കുറിച്ചു. തുടര്‍ന്ന് മറ്റ് മൂന്ന് പേര്‍ക്കൊപ്പം അപ്പര്‍ ബര്‍ത്തില്‍ ഇരിക്കേണ്ടി വന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന് എന്തെലും സേവനം ലഭ്യമാണോ എന്നും പോസ്റ്റില്‍ ചോദിച്ചിരുന്നു. ആയിരക്കണക്കിന് കമന്‍റുകളുമായി പോസ്റ്റ് വൈറലായതോടെ യാത്രക്കാർക്ക് പിന്തുണ നൽകുന്ന ഔദ്യോഗിക അക്കൗണ്ടായ റെയിൽവേ സേവ പ്രതികരണവുമായെത്തി. പരാതിപ്പെടാനുള്ള സംവിധാനങ്ങള്‍ വിശദീകരിച്ചും നല്‍കി. ആര്‍പിഎഫ് 20 മിനിറ്റിനുള്ളിൽ എത്തിയെന്നും സഹോദരിക്ക് സീറ്റ് നല്‍കിയെന്നും മറ്റൊരു പോസ്റ്റിലൂടെ യുവതി അറിയിച്ചു.