തിരുവനന്തപുരം : നാളിതുവരെയുള്ള ചരിത്രത്തില്‍ എണ്ണിയാലൊടുങ്ങാത്ത പ്രകൃതി ദുരന്തങ്ങളും മഹാമാരികളും ലോകത്തെല്ലായിടത്തും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇന്നുവരെ ഇതൊന്നും തന്നെ വിദ്യാഭ്യാസ രംഗത്തെ ദോഷമായി ബാധിച്ചിരുന്നില്ല. കോവിഡ് 19 വ്യാപനം വിദ്യാഭ്യാസ രീതികളെ പാടേ മാറ്റിമറിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് പഠനം മാറി. വിദ്യാഭ്യാസ രംഗത്തെ ഇത്തരം മാറ്റങ്ങൾ ഏറ്റവും കൂടുതൽ ദോഷമായി ബാധിച്ചത് വൈകല്യമുള്ള കുട്ടികളെയാണ്. ഓട്ടിസം പോലെയുള്ള ഭിന്നശേഷിയിൽപ്പെട്ട കുട്ടികൾക്ക് വേണ്ടത്ര വിദ്യാഭ്യാസം നൽകാൻ രക്ഷിതാക്കൾക്ക് കഴിയാതെ വരുന്നത് വലിയൊരു പോരായ്മയാണ്. രക്ഷിതാക്കൾക്ക് അതിനുവേണ്ടിയുള്ള പരിശീലനങ്ങൾ ലഭിക്കാതെ വരുന്നതും പരിശീലനം ലഭിച്ച അധ്യാപകർക്ക് ഒരു പരിധിയിൽ കൂടുതൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ നൽകാൻ കഴിയാതെ വരുന്നതും അവരുടെ വളർച്ചയെ സാരമായി തന്നെ ബാധിക്കുന്നുണ്ട്.
മാത്രമല്ല ഇന്ന് അന്യസംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും വിദ്യാഭ്യാസത്തിനായി കുട്ടികൾ പോകുന്നത് കേരളത്തിൽ നിന്നാണ്. ഇതിന് പ്രധാന കാരണം സംസ്ഥാനത്ത് സെന്റർ ഓഫ് എക്‌സലെൻസ് നിലവാരത്തിലുള്ളതോ ഉയർന്ന നിലവാരത്തിലുള്ളതോ ആയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവമാണെന്നാണ് പഠനം പറയുന്നത്. വിദ്യാഭ്യാസ രംഗത്ത് കേരളം നമ്പർ വൺ ആണെന്ന് പറയുമ്പോഴാണ് ഇത്തരത്തിൽ കുട്ടികൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി അന്യസംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോകുന്നത്. ആർട്സ്, സയൻസ്, കോമേഴ്‌സ്, മെഡിസിൻ, ഡെന്റൽ, ആർക്കിടെക്ച്ചർ, മാനേജ്‌മന്റ് തുടങ്ങിയ വിഷയങ്ങളിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിലവാരം പൊതുവേ പരിതാപകരമാണ്. മാത്രമല്ല ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് പറ്റിയ തൊഴിലവസരങ്ങളും സംസ്ഥാനത്ത് തീരെ കുറവാണെന്നാണ് മിക്ക പഠനങ്ങളും വ്യക്തമാക്കുന്നത്. ഇതുമൂലം സംസ്ഥാനത്തിന് പുറത്തും വിദേശത്തും വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി ചെറുപ്പക്കാർ കുടിയേറുന്നു.
ഇതിനെല്ലാം പുറമെ കോവിഡ് കൂടി പിടിച്ചുലച്ചതോടെ കേരളത്തിലെ വിദ്യാഭ്യാസ രംഗം ആകെ തകർന്നിരിക്കുകയാണ്. കേവലം പുസ്തകങ്ങളിലുള്ളത് മാത്രമല്ല വിദ്യാഭ്യാസം. സാമൂഹികവും സാംസ്കാരികവുമായ ബോധം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കലും വ്യക്തിത്വ രൂപീകരണവുമെല്ലാം വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. ഇതിൽ അധ്യാപകന്റെ പങ്കും ചെറുതല്ല. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഏറെ ചർച്ചചെയ്യപ്പെട്ട നമ്മുടെ സമൂഹം ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് വേണ്ടപോലെ ആശങ്കപ്പെടുകയുണ്ടായില്ല. സിലബസിനപ്പുറത്ത് അധ്യാപകൻ പകർന്ന് നൽകുന്ന പാഠ്യേതര അനുഭവങ്ങളും ആശയങ്ങളും ഊർജവും വിദ്യാർഥിയെ ഏറെ സ്വാധീനിക്കുന്നുണ്ട്. ഒരോ വിദ്യാർഥിയുടെയും മേന്മകളും ന്യൂനതകളും വൈകല്യങ്ങളും ജീവിത പശ്ചാത്തലങ്ങളും തിരിച്ചറിഞ്ഞ് ഒരോരുത്തർക്കും വേണ്ട പരിഗണനയും ശ്രദ്ധയും നൽകാൻ അധ്യാപർക്ക് സാധിക്കുക നേരിട്ടുള്ള ഇടപെടലുകളിലൂടെയാണ്. ഇന്ന് വെർച്വൽ ക്ലാസ് മുറികളിൽ അധ്യാപകൻ നിസ്സഹായനാണ് എന്നതാണ് വാസ്തവം.
അതുമാത്രമല്ല മൊബൈൽ ഫോണുകളിൽ നോക്കിയിരുന്നുള്ള തുടർച്ചയായ പഠനം കുട്ടികളിൽ കണ്ണ് വേദന, കണ്ണിലെ ചുവപ്പ്, കാഴ്ച്ചകുറവ്, പിടലി വേദന, മാനസിക സംഘർഷം എന്നിവ ഉണ്ടാക്കുന്നതായി രക്ഷാകർത്താക്കൾ പറയുന്നു. ചില സ്‌കൂളുകളിലെ വിദ്യാർഥികൾ രാവിലെ തുടങ്ങുന്ന പഠനം അർധരാത്രി ആയാലും തീരാത്ത സ്ഥിതിയാണ്. ഓൺലൈൻ ക്ലാസുകളിൽ ഹാജരായി മൊബൈൽ ഫോണിൽ അധ്യാപകർ അയച്ചുകൊടുക്കുന്ന പാഠഭാഗങ്ങളും നോട്ടുകളും അതിൽ നോക്കിയിരുന്ന് ബുക്കിലേക്ക് പകർത്തിയെഴുതുന്നത് കുട്ടികൾക്ക് ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. ചെറിയ കുട്ടികൾ ഡിജിറ്റൽ മീഡിയ ഉപയോഗം അധ്യയനപരമായ കാര്യങ്ങൾക്കാണെങ്കിൽ അത് അവരുടെ ബുദ്ധി വികാസത്തെ ഗുണകരമായാണ് സ്വാധീനിക്കുക. എന്നാൽ അനാരോഗ്യകരമായ രീതിയിൽ ഡിജിറ്റൽ മീഡിയ ഉപയോഗം കുട്ടികളുടെ ബുദ്ധി വികാസത്തെ പ്രതികൂലമായായിരിക്കും ബാധിക്കുക. ഓൺലൈൻ ക്ലാസിനുവേണ്ടി ദിവസത്തിന്റെ ഭൂരിഭാഗവും ഉപയോഗിക്കുന്നതു മൂലം കുട്ടികളിൽ എ.ഡി.എച്ച്.ഡി, ഹൈപ്പർ ആക്റ്റിവിറ്റി തുടങ്ങിയ അവസ്ഥകൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.