ചെങ്ങന്നൂർ: രോഗം കണ്ടുപിടിക്കാതെ പിഞ്ചുകുഞ്ഞിനെ ഡോക്ടര്‍മാര്‍ മാറിമാറി ചികിത്സിച്ചു. നാലര വയസ്സുകാരി ദേവനന്ദ യാത്രയായി.
മുളക്കുഴ – അരീക്കര പറങ്ങഴ മോഡിയിൽ സന്തോഷ് രഞ്ജിനി ദമ്പതികളുടെ ഏകമകൾ ദേവനന്ദ(നാലര) ആണ് മരിച്ചത്. അങ്കണവാടി വിദ്യാർഥിയായ ദേവനന്ദ വെള്ളിയാഴ്ച വൈകിട്ട് അങ്കണവാടിയിൽ നിന്നും എത്തുമ്പോൾ പനിയുടെ ലക്ഷണം ഉണ്ടായിരുന്നു. ക്രമേണ ശരീരത്തിന് ചൂട് കൂടുകയും ഛർദ്ദിയുടെ ലക്ഷണം പ്രകടിപ്പിക്കുകയും ചെയ്തതിനെത്തുടർന്ന് വെള്ളത്തിൽ തുണി മുക്കി ശരീരം തുടച്ച് ഉറക്കാൻ കിടത്തി. എന്നാൽ വീണ്ടും ചൂട് കൂടിയതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ കുളനട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി ഡോക്ടറെ കാണിച്ചു. പനിയുടെ ലക്ഷണം ആണെന്ന് ഡോക്ടർ പറഞ്ഞതനുസരിച്ച് മരുന്നുവാങ്ങി വീട്ടിൽ തിരിച്ചെത്തിയെങ്കിലും വൈകിട്ട് വീണ്ടും ചൂടു കൂടി. തുടർന്ന് കുളനടയിലെ സ്വകാര്യ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടി. അവടെനിന്നും മരുന്നും ട്രിപ്പുമൊക്കെ കൊടുത്തു. രാത്രിയിൽതന്നെ കുട്ടിയെ തിരികെ വീട്ടിൽ കൊണ്ടുവന്നിരുന്നുവെങ്കിലും അസുഖനിലയിൽ മാറ്റമില്ലാത്തതിനെത്തുടർന്ന് വീണ്ടും കുളനടയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചു.
എന്നാല്‍ അവരുടെ ചികിത്സകൊണ്ട് ഒരുകുറവും കാണാത്തതിനെ തുടർന്ന് വെളുപ്പിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും കുട്ടി വാടി തളരുകയും പൾസ് നിരക്ക് താഴേക്ക് പോകുകയും ചെയ്തിരുന്നു. അവിടെ ഒരു മണിക്കൂറോളം കുട്ടിയെ രക്ഷിക്കാൻ ഉള്ള എല്ലാ ശ്രമങ്ങളും ആശുപത്രി അധികൃതർ നടത്തിയെങ്കിലും ദേവനന്ദയുടെ ശ്വാസനിലയിൽ പുരോഗതി ഒന്നും ഉണ്ടായില്ല. ഏതാനും നിമിഷം കഴിഞ്ഞപ്പോള്‍ ആ ശ്വാസം നിലച്ചു.
ഇതിനിടെ കുട്ടിയുടെ മരണത്തിൽ സംശയം തോന്നിയ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഇതനുസരിച്ച് പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ലഭിച്ചതിനുശേഷമേ മരണകാരണം വ്യക്തമാവു എന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ സംസ്കാരം ഇന്നലെ രാത്രിയോടെ വീട്ടുവളപ്പിൽ നടന്നു.
മിക്ക ആശുപത്രികളിലും യഥാര്‍ഥ രോഗം കണ്ടുപിടിക്കാതെയുള്ള ചികിത്സയാണ് നടക്കുന്നത്. പഠിച്ചിറങ്ങിയ ജൂനിയര്‍ ഡോക്ടര്‍മാരെ കുറഞ്ഞ ശമ്പളത്തില്‍ നിയമിക്കുവനാണ് ആശുപത്രി മാനേജ്മെന്റിനു താല്‍പ്പര്യം. ഇവര്‍ക്ക് വേണ്ടത്ര പ്രവീണ്യം ഉണ്ടാകില്ല. രോഗവുമായി എത്തുന്നവര്‍ ഇവരുടെ പരീക്ഷണവസ്തുവാണ്. യഥാര്‍ഥ രോഗം എന്തെന്ന് കണ്ടുപിടിക്കാന്‍ ഇവര്‍ക്കറിയില്ല. പകരം മരുന്നുകള്‍ മാറിമാറി നല്‍കി പരീക്ഷിക്കുകയാണ് ചെയ്യുന്നത്. ചില ആശുപത്രിയില്‍ അപ്പനും അമ്മയും മക്കളും മരുമക്കളുമൊക്കെ ഡോക്ടര്‍മാരാണ്. അതുകൊണ്ടുതന്നെ ഇവിടെ നടക്കുന്ന ഒരുകാര്യങ്ങളും പുറത്തുപോകില്ല.