കൊല്ലം : നൂറുകണക്കിന് ഹൃദയങ്ങളുടെ കണ്ണിര്‍പൂക്കള്‍ ഏറ്റുവാങ്ങി ആ കുരുന്ന് എന്നന്നേയ്ക്കും ഓര്‍മ്മയായി. ഇളവൂരില്‍ ഇത്തിക്കരയാറ്റില്‍ വീണു മരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയ ആറുവയസ്സുകാരി ദേവനന്ദയുടെ സംസ്‌കാരം കഴിഞ്ഞു. അച്ഛന്‍ പ്രദീപ്കുമാറിന്റെ കുടവട്ടൂരിലെ വസതിക്കു സമീപമാണ് ദേവനന്ദയെ സംസ്‌കരിച്ചത്. അമ്മയുടെ ഇളവൂരിലെ വീട്ടിലും ദേവനന്ദ പഠിച്ചിരുന്ന വാക്കനാട് സരസ്വതി വിദ്യാലയത്തിലും മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചു. പിഞ്ചുമകള്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷയില്‍ വിദേശത്ത് നിന്ന് രാവിലെ നാട്ടിലെത്തിയ അച്ഛന്‍ പ്രദീപ് മകളുടെ ചേതനയറ്റ ശരീരം കണ്ട് കുഴഞ്ഞു വീണു.
വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരിയെ ഇന്നലെ രാവിലെ പത്തരയോടെയാണ് കാണാതായത്. കുട്ടിയെ സ്വീകരണ മുറിയില്‍ ഇരുത്തിയ ശേഷം അമ്മ ധന്യ തുണി അലക്കാന്‍ പോയ സമയത്താണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് മുമ്പ് ദേവനന്ദ മരിച്ചതായാണ് ഔദ്യോഗിക വിവരം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ ശ്വാസകോശത്തിലും വയറ്റിലും ചെളിയും വെള്ളവും കണ്ടെത്തി.