മല്ലപ്പള്ളി : മദ്ധ്യതിരുവിതാംകൂറിലെ പ്രസിദ്ധ വ്യാപാര വാണിജ്യ മേളയായ തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം നവംബർ 16ന് ആരംഭിക്കാൻ ഇരിക്കെ മുന്നൊരുക്കം ഇല്ലാതെ സംഘാടകരായ തിരുവിതാംകൂർ ദേവസ്വം ബോർഡ്. തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ആചാരഭാഗമായ വൃശ്ചിക വാണിഭം നടത്താൻ ക്ഷേത്ര വളപ്പിലെ കാട് തെളിക്കൽ, കട ലേലം നടപടികൾ, ടോയ്ലെറ്റ് വൃത്തിയാക്കൽ, ക്ഷേത്രം പെയിന്റിംഗ് ഒന്നും ആരംഭിച്ചിട്ടില്ലെന്നാണ് ഭക്തജനങ്ങൾ ആരോപിക്കുന്നത്. ക്ഷേത്രത്തിനു മുന്നിൽ വാണിഭം നടത്തിവന്ന സ്വകാര്യ വസ്തു ദേവസ്വം ഭൂമിയാണെന്ന് ആറുമാസം മുമ്പ് ഹൈക്കോടതി വിധിയും വന്നിരുന്നു. വൃശ്ചിക വാണിഭം നടക്കുന്ന തെള്ളിയൂർ സർവേ നമ്പർ 85/2 ൽ പെട്ട 51 സെന്റ് ഭൂമി അളന്നു തിരിച്ചു റവന്യൂ രേഖയിൽ രണ്ടു മാസത്തിനുള്ളിൽ ദേവസ്വം ഭൂമി ആക്കി മാറ്റുവാൻ നിർദ്ദേശിച്ചിട്ട് 6 മാസം കഴിഞ്ഞിട്ടും അധികൃതർ നിസംഗത തുടരുകയാണ്.
ഇക്കാര്യം ഉന്നയിച്ച് ക്ഷേത്ര ഉപദേശക സമിതി ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ എന്നിവർക്ക് നിവേദനവും നൽകിയിരുന്നു. ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ എം.എൽ.എ നേരിട്ട് മല്ലപ്പള്ളി തഹസിൽദാരോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ദേവസ്വം തഹസിൽദാർ കത്ത് നൽകിയെങ്കിലും താലൂക്ക് സർവേയറാണ് ഫയൽ നീക്കേണ്ടത് എന്നാണ് റവന്യു വകുപ്പിന്റെ മറുപടി. ഇക്കാര്യത്തിൽ ദേവസ്വം മന്ത്രി വി.എൻ.വാസവനും നിവേദനം നൽകിയതായി ഉപദേശക സമിതി പ്രസിഡന്റ് പി.ജി സതീഷ് കുമാർ, സെക്രട്ടറി അഖിൽ.എസ്.നായർ എന്നിവർ അറിയിച്ചു. ഹൈക്കോടതി ജസ്റ്റിസ് ആനിൽ നരേന്ദ്രൻ അദ്ധ്യക്ഷനായ ബെഞ്ചിന്റെ മുന്നിൽ ഇത് ശ്രദ്ധയിൽപ്പെടുത്തി കോടതി അലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകാൻ ഒരു പറ്റം ഭക്ത ജനങ്ങൾ ഒപ്പ് ശേഖരണം ആരംഭിച്ചിട്ടുണ്ട്.