തിരുവല്ല : ഭക്തജനങ്ങളുടെ എതിർപ്പ് അവഗണിച്ച് പരിപാവനമായ ക്ഷേത്ര കുളത്തിൽ മൂത്രപ്പുര നിർമ്മാണം. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന്റെ മതിൽക്കെട്ടിന് പുറത്ത് ക്ഷേത്രക്കുളത്തിന് സമീപം (പുത്തൻകുളം) പുതിയ മൂത്രപ്പുര പണിയുകയാണ്. ക്ഷേത്രത്തിലെ ശാന്തിക്കാർക്ക് വേണ്ടിയാണ് ഇത് പണിയുന്നത്. ഉള്ളിലുള്ള ജലവന്തിക്കുളത്തിന് സമീപത്തോ അല്ലെങ്കിൽ അതിനുള്ളിലോ ആണ് നിലവിൽ ശാന്തിക്കാരുടെ മൂത്രപ്പുര. അവരുടെ സൗകര്യാർത്ഥം പുതിയ മൂത്രപ്പുര ഉണ്ടാകേണ്ടത് അനിവാര്യമാണ്. കിഴക്ക് ഗോപുരത്തിന് പുറത്ത് അൽപ്പം തെക്കുഭാഗത്തായി ഒരു മൂത്രപ്പുര പണിതിട്ട് വർഷങ്ങളായി. ഇത് സംരക്ഷിക്കുവാനോ വൃത്തിയായി സൂഷിക്കുവാനോ ദേവസ്വം ബോർഡ് തയ്യാറാകുന്നില്ല. പകരം ക്ഷേത്ര കുളത്തിൽ തന്നെ പുതിയത് നിർമ്മിക്കുകയാണ്. അഴിമതിയുടെ കൂത്തരങ്ങായി ദേവസ്വം ബോർഡ് മാറിയെന്ന് വിശ്വാസികള്‍ കുറ്റപ്പെടുത്തുന്നു.
ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഭക്തരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ ഏറ്റവും വലിയ ആവശ്യമാണ് വൃത്തിയുള്ള ശുചിമുറികള്‍. നിലവിലുള്ള ശുചിമുറികള്‍ വൃത്തിയായി സൂക്ഷിച്ചാല്‍ ഇതിന് പരിഹാരമാകും. കൂടാതെ ഇവിടെ കൂടുതല്‍ ശുചിമുറികള്‍ പണിയുകയും ചെയ്യാം. കൂടുതലായി പണിയുന്ന ശുചിമുറികളില്‍ ഒന്നോ രണ്ടോ എണ്ണം ശാന്തിക്കാർക്ക് മാത്രമായി നീക്കിവെച്ചാല്‍ ഇത് സംബന്ധിച്ചുള്ള എല്ലാ പരാതികള്‍ക്കും പരിഹാരമാകും. എന്നാല്‍ ഇത്തരം നടപടിക്കു തുനിയാതെ പരിപാവനമായ ക്ഷേത്ര കുളത്തിൽത്തന്നെ ശുചിമുറികള്‍ നിര്‍മ്മിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം. ഇവിടെ പണിയുന്ന മൂത്രപ്പുര ഏറെ താമസിക്കാതെ പൊട്ടിയൊലിച്ച് കുളത്തിലേക്കിറങ്ങും. ഇതോടെ പരിപാവനമായ ക്ഷേത്രക്കുളം മലിനമാകുകയും ചെയ്യും.