പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം നല്കി ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവസ്വം വിജിലൻസിന് മന്ത്രി കത്ത് നൽകി. മില്‍മ-ശബരിമല കരാറും അതിലെ ക്രമക്കേടുകളും ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം.
അതേസമയം ശബരിമലയിലെ നെയ്യ് ക്രമക്കേട് ഗൗരവതരമാണെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വിലയിരുത്തി. ക്രമക്കേട് എസ്ഐടി രൂപീകരിച്ച് ക്രൈം രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
ഇ-ടെന്‍ഡര്‍ ഉപേക്ഷിച്ച് ഉയര്‍ന്ന വിലയ്ക്ക് മില്‍മയില്‍ നിന്ന് നെയ്യ് വാങ്ങിയതില്‍ സംശയമുണ്ട്. കമ്മീഷണറുടെ എതിര്‍പ്പ് അവഗണിച്ചാണ് മില്‍മയില്‍ നിന്ന് നെയ്യ് വാങ്ങാനുള്ള തീരുമാനമെന്ന് കോടതി വിലയിരുത്തി. 1.61 ലക്ഷം ലിറ്റര്‍ നെയ്യ് മുഴുവന്‍ സന്നിധാനത്ത് എത്തിയോ എന്നതിലും സംശയമുണ്ട്. ലഭിച്ച നെയ്യിന്റെ ഗുണനിലവാരം സ്വതന്ത്രമായി പരിശോധിച്ചില്ല. ഗതാഗതം, കണക്കുകള്‍, ബാച്ച് നമ്പറുകള്‍ എന്നിവയില്‍ ഗുരുതര പൊരുത്തക്കേടുകളുണ്ട്. താഴ്ന്ന നിലവാരത്തിലുള്ള നെയ്യ് ഉപയോഗിച്ചിരിക്കാനുള്ള സാധ്യതയും അന്വേഷിക്കണം. ദേവസ്വം ബോര്‍ഡിന് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായേക്കാമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഒരു മാസത്തിനകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.




























