കൊടുമൺ : തട്ടയിൽ പാറക്കര മുല്ലോട്ട് ഡാമിന്റെ വികസനത്തിനായി സംസ്ഥാന സർക്കാരിന്റെ മൂന്ന് ബജറ്റുകളിലായി അനുവദിച്ചത് ആറരക്കോടി രൂപ. പക്ഷേ വികസനം ഇനിയും സ്വപ്നംമാത്രം. കൊടുമൺ, പന്തളം തെക്കേക്കര പഞ്ചായത്തുകളുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മുല്ലോട്ട് ഡാം 60 വർഷം മുമ്പാണ് പണിതത്. ഏറെക്കാലം തട്ടയിലെ വയലുകളിൽ ജലസേചനത്തിനായി ഇവിടത്തെ വെള്ളം തോടുകൾവഴി കൊണ്ടുപോയി ഉപയോഗിച്ചിരുന്നു. 1992-ൽ വിദേശഫണ്ട് ഉപയോഗിച്ച് ഡാമിൽ നടത്തിയ അശാസ്ത്രീയമായ നിർമാണപ്രവർത്തനങ്ങൾ മൂലം ഡാമിന്റെ ഷട്ടറിൽ ചോർച്ചയുണ്ടായി. അന്നുമുതൽ ഡാം ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. അടിഭാഗത്തെ ഷട്ടർ ചോർന്ന് വെള്ളം ഒലിച്ചു പോകുകയായിരുന്നതിനാൽ ഒരിക്കലും വെള്ളം സംഭരിക്കപ്പെട്ടില്ല. മുല്ലോട്ട്മല, കൊട്‌ളമല എന്നീ രണ്ട് മലകൾക്കിടയിലാണ് ഡാം പണിതിട്ടുള്ളത്. മലകളിൽ ആൾത്താമസമില്ലാത്തതിനാൽ ഇവിടത്തെ വെള്ളം ശുദ്ധമാണ്. അതുകൊണ്ടുതന്നെ ഡാമിലെ വെള്ളം കുടിവെള്ള പദ്ധതിക്കായും ഉപയോഗിക്കാവുന്നതാണ്.
കൊടുമൺ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ.യ്ക്ക് നൽകിയ നിവേദനത്തിന്റെ ഫലമായാണ് ഡാമിന് 2018, 2019 ബജറ്റുകളിലായി 3.50 കോടി രൂപ അനുവദിച്ചത്. ഭരണാനുമതിയാകാത്തതിനാൽ ഡാം വികസനം നടന്നില്ല. 2022-ലെ ബജറ്റിൽ മൂന്നുകോടി രൂപ മുല്ലോട്ട് ഡാം വികസനത്തിനായി അനുവദിച്ചിട്ടുണ്ട്. ഇതും ബജറ്റ് രേഖയിലൊതുങ്ങുകയായിരുന്നു. കൊടുമൺ പഞ്ചായത്തിന്റെ വടക്ക് പടിഞ്ഞാറായും പന്തളം തെക്കേക്കര പഞ്ചായത്തിന്റെ വടക്ക് കിഴക്കായുമാണ് മുല്ലോട്ട് ഡാം സ്ഥിതിചെയ്യുന്നത്. ആറേക്കർ വിസ്തൃതിയുള്ള ഡാമിന്റെ മുക്കാൽ ഭാഗവും സ്ഥിതിചെയ്യുന്നത് കൊടുമൺ പഞ്ചായത്തിലാണ്. ഡാം സ്ഥിതിചെയ്യുന്നത് ഒരു ജലാശയത്തിലുമല്ല എന്ന പ്രത്യേകതയുണ്ട്. മൂന്ന് വശങ്ങളും മലകളാണ്. അടിവാരത്തിലെ ചതുപ്പുപ്രദേശത്തെ വെള്ളം തടഞ്ഞുനിർത്തിയാണ് 60 വർഷം മുമ്പ് ഡാം പണിതത്. അന്ന് ഡാം നിറയെ വെള്ളം ഉണ്ടായിരുന്നു. തട്ടയിലെ കണ്ണാടിവയൽ മുതൽ തുമ്പമൺ പഞ്ചായത്തിലെ പാടങ്ങളിൽവരെ മുല്ലോട്ട് ഡാമിൽനിന്നാണ് ജലസേചനം നടത്തിയിരുന്നത്. ഇപ്പോൾ ഡാം നിറയെ ചെളിയും കാടുമാണ്. അടിത്തട്ടിൽകൂടി ചോർച്ചയുണ്ട്. അതിനാൽ വെള്ളം കെട്ടിനിർത്താൻ കഴിയുന്നില്ല. ഡാം പുനരുദ്ധരിക്കുന്നതോടെ കൊടുമൺ, തട്ടയിൽ, തുമ്പമൺ ഭാഗങ്ങളിൽ ജലസേചനത്തിന് ഉപകാരപ്രദമാകും. കുടിവെള്ള പദ്ധതിക്കും പ്രയോജനപ്പെടുത്താം.