കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തെ (സിഎംഎഎഫ്ആർഐ) കടൽപായൽ കൃഷിയുടെ മികവിന്റെ കേന്ദ്രമായി (സെന്റർ ഓഫ് എക്‌സലൻസ്) കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തു. ഇന്ത്യയിൽ കടൽപായൽ ഉൽപാദനവും പ്രചാരണവും ലക്ഷ്യമിട്ട് കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റേതാണ് നടപടി. ഇതനുസരിച്ച് സിഎംഎഫ്ആർഐയുടെ തമിഴ്നാട്ടിലുള്ള മണ്ഡപം പ്രാദേശിക കേന്ദ്രത്തിൽ കടൽപായൽ കൃഷി ഗവേഷണം, വികസനപ്രവർത്തനങ്ങൾ, പരിശീലനം, മാനവശേഷി വികസനം തുടങ്ങിയവ നടപ്പാക്കും. ആഗോള കടൽപ്പായൽ വ്യവസായത്തിൽ ഇന്ത്യയുടെ പങ്ക് ഉയർത്തുന്നതിനായി കേന്ദ്രം പ്രവർത്തിക്കും. സുസ്ഥിര കടൽപ്പായൽ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മേഖലയിലെ പ്രധാന വെല്ലുവിളികൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുണ്ടാകും. സാങ്കേതിക വിദ്യകൾ മെച്ചപ്പെടുത്തുന്നതുൾപ്പെടെയുള്ള പഠനങ്ങൾക്ക് സിഎംഎഫ്ആർഐ നേതൃത്വം നൽകും.
നാടൻ കടൽപായൽ ഇനങ്ങളുടെ ജനിതക വൈവിധ്യം നിലനിർത്തുന്നതിന് വിത്തു ബാങ്ക് സ്ഥാപിക്കും. ഗുണനിലവാരമുള്ള തൈകളുടെ ലഭ്യതയും വിതരണവും ഉറപ്പുവരുത്തും. സുസ്ഥിരത നിലനിർത്താൻ പരിസ്ഥിതി ആഘാത പഠനങ്ങൾ നടത്തും. കർഷകർക്കും സംരംഭകർക്കും വിവിധ പരിശീലനപദ്ധതികൾ നടപ്പിലാക്കും. ആഗോളതലത്തിൽ സ്ഥാപനങ്ങളുമായും വിദഗ്ധരുമായും സഹകരണബന്ധം സ്ഥാപിക്കും. ഇന്ത്യയിലെ കടൽപായൽ ഉൽപാദന വികസന രംഗത്ത് നിർണായക ചുവടുവെപ്പാണിതെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു. സാമ്പത്തിക വളർച്ചയ്ക്കും തീരദേശ ഉപജീവനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും കടൽപ്പായൽ കൃഷി ഒരു മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.