തിരുവല്ല : താലൂക്ക് ആശുപത്രിയുടെ പുതിയ ഒപി കെട്ടിടം, കടപ്ര-വീയപുരം റോഡ് നവീകരണം, കാവുംഭാഗം-ചാത്തങ്കരി റോഡ് നവീകരണം തുടങ്ങി നാല് വികസനപദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. താലൂക്ക് ആശുപത്രിയുടെ പുതിയ ഒപി കെട്ടിടം നിർമാണോദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. പ്രളയത്തിൽ തകർന്ന കടപ്ര-വീയപുരം റോഡിന്റെ നവീകരണജോലികൾ 5.30-ന് നിരണം പഞ്ചായത്ത് മുക്കിൽവെച്ച് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും.
നവീകരിച്ച പൊടിയാടി-പന്നായി റോഡിന്റെ ഉദ്ഘാടനം തുടർന്ന് നടക്കും. കാവുംഭാഗം-ചാത്തങ്കരി റോഡിന്റെ പുനരുദ്ധാരണ ജോലികളുടെ ഉദ്ഘാടനം 6.10-ന് നെടുമ്പ്രം മണക്കാശുപത്രി ജംഗ്ഷനില്‍ മന്ത്രി നിർവഹിക്കും. ഏഴ് കോടി രൂപാ ചെലവിട്ട് പൂർത്തീകരിച്ച അഴിയിടത്തുചിറ-മേപ്രാൽ-കോമങ്കരിച്ചിറ റോഡിന്റെ ഉദ്ഘാടനം വൈകിട്ട് 6.30-ന് മേപ്രാൽ ജംഗ്ഷനില്‍ വെച്ച് മുഹമ്മദ് റിയാസ് നിർവഹിക്കും. മാത്യു ടി. തോമസ് എംഎൽഎ, നഗരസഭ ചെയർപേഴ്‌സൺ അനു ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അനു, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചു.