ദില്ലി: വനിത സുഹൃത്തുക്കളെയടക്കം പൈലറ്റുമാർ കോക്ക്പിറ്റിൽ കയറ്റിയ സംഭവത്തിന് പിന്നാലെ കടുപ്പിച്ച് വ്യോമയാന മന്ത്രാലയം. ഇനി കോക്ക്പീറ്റിൽ ആരെങ്കിലും കയറിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡി ജി സി എ മുന്നറിയിപ്പ് നൽകി. കോക്ക്പിറ്റിലേക്കുള്ള യാത്രക്കാരുടെ പ്രവേശനം കർശനമായി അവസാനിപ്പിക്കണമെന്നും വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. വിമാന കമ്പനികൾക്കും പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനുമാണ് ഡി ജി സി എ നിർദ്ദേശം നൽകിയത്. അനധികൃത പ്രവേശനം അനുവദിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. വനിത സുഹൃത്തുക്കളെയടക്കം കോക്ക്പിറ്റിൽ കയറ്റിയ 4 പൈലറ്റുമാരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് ഡി ജി സി എ നിലപാട് കടുപ്പിച്ചത്.
വിമാന കോക്ക്പിറ്റിലേക്ക് അനധികൃതമായി വനിതാ സുഹൃത്തുക്കളടക്കം പ്രവേശിച്ച സംഭവങ്ങൾ സമീപകാലത്ത് ഡി ജി സി എയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇനി അത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് കർശന നിർദ്ദേശം നൽകിയിരിക്കുന്നതെന്നും വ്യോമയാന മന്ത്രാലയ അധികൃതർ വ്യക്തമാക്കി. കോക്ക്പിറ്റിൽ മറ്റുള്ളവരുണ്ടാകുന്നത് കോക്ക്പിറ്റ് ജീവനക്കാരുടെ സെൻസിറ്റീവ് പ്രവർത്തനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും വിമാന യാത്രയുടെ സുരക്ഷയെ അപകടത്തിലാക്കുന്ന പിശകുകളിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്നും അവർ ചൂണ്ടികാട്ടി. ഇനി ഇത്തരം സംഭവങ്ങളുണ്ടായാൽ ശക്തമായ നടപടിയുണ്ടാകുമെന്നും ഡി ജി സി എ അധികൃതർ വിശദീകരിച്ചു.
ജൂൺ 3 നാണ് കോക്ക്പീറ്റിലെ അനധികൃത പ്രവേശനം ഏറ്റവും ഒടുവിലായി റിപ്പോർട്ട് ചെയ്തത്. ചണ്ഡിഗഡ് – ലേ റൂട്ടിൽ സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റാണ് ഇത്തരത്തിൽ ഒരു സുഹൃത്തിന് കോക്ക് പിറ്റിൽ പ്രവേശനം അനുവദിച്ചത്. പൈലറ്റിന്റെ സുഹൃത്ത് വിമാനയാത്രയിൽ ഉടനീളം കോക്പിറ്റിൽ തന്നെ തുടരുകയായിരുന്നു. ഫെബ്രുവരി 27 നും സമാനമായ സംഭവം ഉണ്ടായിരുന്നു. എയർ ഇന്ത്യയുടെ പൈലറ്റ് ദില്ലി – ദുബായ് വിമാന യാത്രക്കിടെയാണ് ഒരു വനിതാ സുഹൃത്തിനെ കോക്ക്പിറ്റിൽ പ്രവേശിപ്പിച്ചത്. ഈ പൈലറ്റുമാരടക്കം നാല് പേരെയാണ് കോക്ക്പിറ്റിലെ അനധികൃത പ്രവേശനത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്തിരിക്കുന്നത്.