തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ അന്തര്‍ജില്ല യാത്രകള്‍ നടത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ പോലീസ് പാസ് എടുക്കണമെന്ന നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്ഥാപനത്തിന്റെ ഐ.ഡി കാര്‍ഡ്, പ്രസ് അക്രഡിറ്റേഷന്‍ കാര്‍ഡ്, പ്രസ് ക്ലബ് ഐ.ഡി കാര്‍ഡ് എന്നിവ ഉപയോഗിച്ച് സംസ്ഥാനത്ത് യാത്ര ചെയ്യാമെന്ന് സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കി. മാധ്യമ പ്രവര്‍ത്തകരുടെ യാത്രക്ക് പ്രത്യേക പാസ് ആവശ്യമില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.
ട്രിപ്പ്ള്‍ ലോക്ഡൗണിലുള്ള ജില്ലകളിലൂടെ കടന്ന് യാത്രചെയ്യുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലീസ് പാസ് എടുക്കണമെന്ന് കഴിഞ്ഞ ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ജില്ലകള്‍ കടന്ന് ദിവസവും ജോലിക്കെത്തുന്ന നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഈ നിര്‍ദേശം ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു.
അവശ്യസേവന വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാമെന്നിരിക്കേ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലീസ് പാസ് നിഷ്കര്‍ഷിക്കുന്നത് ഖേദകരമാണെന്ന് ചൂണ്ടിക്കാട്ടി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ വ്യക്തത വരുത്തി പോലീസ് മേധാവിയുടെ ഉത്തരവ്.
