തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് കാലാവധി കൂട്ടി നല്‍കിയതിലൂടെ മറ്റു പലര്‍ക്കും ആ ഉന്നത പദവി നഷ്ടമായി. ഡി.ജി.പി ബി.സന്ധ്യ, സീനിയര്‍ ഡി.ജി.പിമാരായ സുധേഷ് കുമാര്‍, ടോമിന്‍ ജെ. തച്ചങ്കരി എന്നിവര്‍ക്കാണ് ചുണ്ടിനും കപ്പിനുമിടയില്‍ അവസരം നഷ്ടമായത്. ബി.സന്ധ്യക്ക് അവസരം കിട്ടിയിരുന്നുവെങ്കില്‍ സംസ്ഥാനത്ത് പോലീസ് മേധാവി പദവിയിലെത്തുന്ന ആദ്യ വനിതയെന്ന ബഹുമതിയും ലഭിക്കുമായിരുന്നു. അനില്‍കാന്തിന് സര്‍ക്കാര്‍ രണ്ടു വര്‍ഷത്തേക്ക് കാലാവധി നീട്ടിനല്‍കിയതിലൂടെ 2023 ജൂണ്‍ 30വരെ തുടരാനാവും.
ഇതോടെ അനില്‍കാന്തിനേക്കാള്‍ സീനിയറായ മൂന്ന് ഡി.ജി.പിമാര്‍ക്ക് പോലീസ് മേധാവി കസേരയിലെത്താനാവില്ല. നിലവില്‍ വിജിലന്‍സ് ഡയറക്ടറായ സുധേഷ് കുമാറിന് 2022 ഒക്ടോബര്‍ വരെയും ഫയര്‍ഫോഴ്സ് മേധാവി ബി.സന്ധ്യയ്ക്ക് 2023 മേയ് വരെയും മനുഷ്യാവകാശ കമ്മിഷന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ടോമിന്‍ ജെ. തച്ചങ്കരിക്ക് 2023 ജൂലായ് വരെയുമാണ് സര്‍വീസ് കാലാവധി. കഴിഞ്ഞ പോലീസ് മേധാവി പരിഗണനാ പട്ടികയിലുണ്ടായിരുന്ന എക്സൈസ് കമ്മിഷണര്‍ എസ്. ആനന്ദകൃഷ്ണനും ഇനി അവസരമില്ല. 2023 മേയ് വരെയാണ് അദ്ദേഹത്തിന് സര്‍വീസുള്ളത്. സുധേഷ് കുമാര്‍ വിരമിക്കുമ്പോള്‍ അദ്ദേഹത്തിന് ഡി.ജി.പി റാങ്ക് ലഭിക്കും. കഴിഞ്ഞ അഞ്ചുമാസത്തെ പ്രവര്‍ത്തനം കൂടി വിലയിരുത്തിയാണ് അനില്‍കാന്തിന് സേവനം നീട്ടിനല്‍കിയത്. വിരമിക്കുന്ന പോലീസ് മേധാവിക്ക് സേവനം നീട്ടിനല്‍കുന്നത് സംസ്ഥാനത്ത് ആദ്യമാണ്.
അഡീഷണല്‍ ഡി.ജി.പിയായിരിക്കെയാണ് ഡല്‍ഹി സ്വദേശി അനില്‍കാന്ത് പോലീസ് മേധാവിയാകാനുള്ള യു.പി.എസ്.സിയുടെ ചുരുക്കപ്പട്ടികയില്‍പ്പെട്ടത്. സീനിയോറിറ്റിയില്‍ രണ്ടാമനായ ടോമിന്‍ ജെ.തച്ചങ്കരി അനധികൃത സ്വത്തുകേസില്‍ കുടുങ്ങി പുറത്തായതോടെ സുധേഷ് കുമാറിനും സന്ധ്യയ്ക്കുമൊപ്പം അനില്‍കാന്ത് മൂന്നാമനായി.
പോലീസ് മേധാവിയെ രണ്ടു വര്‍ഷത്തേക്ക് മാറ്റരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെങ്കിലും വിരമിക്കുന്നവര്‍ക്ക് ബാധകമല്ല.