തിരുവനന്തപുരം : പോലീസ് സേനയില്‍ നവീകരണത്തിനായി അനുവദിച്ച തുക ഡി.ജി.പി ലോക്നാഥ് ബെഹ്റ വകമാറ്റി ചെലവഴിച്ചുവെന്ന സി.എ.ജി കണ്ടെത്തല്‍ വിവാദമായിരിക്കെ ഡി.ജി.പിക്കുള്ള ഫണ്ട് പരിധി അഞ്ച് കോടിയായി വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആയുധങ്ങള്‍ വാങ്ങാനുള്ള ഡിജിപിയുടെ ഫണ്ട് രണ്ടില്‍ നിന്ന് അഞ്ചു കോടിയാക്കിയാണ് ഉയര്‍ത്തിയത്. ഇതോടെ കൂടുതല്‍ പണം സ്വതന്ത്രമായി കൈകാര്യം ചെയ്യുവാന്‍ ഡി.ജി.പി ക്ക് കഴിയും.
നിലവില്‍ രണ്ട് കോടിയായിരുന്നു ഡി.ജി.പിയുടെ ഫണ്ട്. ഇത് തികയുന്നില്ലെന്ന് കാട്ടി ഫണ്ട് പരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റ സര്‍ക്കാരിന് പലതവണ കത്ത് നല്‍കിയിരുന്നു. 2018 ഏപ്രില്‍ 20നും 2019 ആഗസ്റ്റ് 6നും ഇടയില്‍ ഇത്തരത്തില്‍ ആറ് കത്തുകളാണ് ബെഹ്റ ആഭ്യന്തര വകുപ്പിന് നല്‍കിയത്. 2013ല്‍ ഒരു കോടിയായിരുന്ന ഡി.ജി.പി ഫണ്ട് 2015ലാണ് രണ്ട് കോടിയായി ഉയര്‍ത്തിയത്.
പോലീസ് സേനയുടെ നവീകരണത്തിനുള്ള ഫണ്ട് ഉപയോഗിച്ച് ആഡംബര വാഹനങ്ങളും വില്ലകളും മറ്റും പണിതെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ കണ്ടെത്തലുകളില്‍ അന്വേഷണം പ്രഖ്യാപിക്കാതെ സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ത്തി പ്രതിപക്ഷത്തിന് നല്‍കിയെന്ന മറുവാദമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. ഇപ്പോള്‍ ഫണ്ട് പരിധി ഉയര്‍ത്തിയതിലൂടെ പോലീസ് മേധാവിക്കൊപ്പം തന്നെയാണെന്ന സന്ദേശം കൂടിയാണ് പിണറായി സര്‍ക്കാര്‍ നല്‍കുന്നത്.