ന്യൂഡല്‍ഹി : ഡി.ജി.പിയെ സ്വന്തം നിലയില്‍ നിയമിക്കാന്‍ അനുവദിക്കണമെന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ആവശ്യം രൂക്ഷവിമര്‍ശനത്തോടെ സുപ്രിംകോടതി തള്ളി. യുപിഎസ്‌സി പാനല്‍ നിശ്ചയിക്കുന്നവരെ മാത്രമേ ഡി.ജി.പിമാരായി നിയമിക്കാവൂയെന്ന പ്രകാശ് സിംഗ് കേസിലെ വിധി പിന്‍വലിക്കണമെന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
സമാന ആവശ്യവുമായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിരന്തരം കോടതിയെ സമീപിക്കുന്നു. നടപടിക്രമങ്ങളിലെ ദുരുപയോഗമാണിത്. ഇത്തരത്തിലുള്ള അപേക്ഷകള്‍ ഫയല്‍ ചെയ്യരുത്. ഒരു സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഇത്തരം നടപടികള്‍ പ്രതീക്ഷിക്കുന്നില്ലെന്ന് ജസ്റ്റിസ് എല്‍.നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭരണഘടന പ്രകാരം ഡി.ജി.പി നിയമനത്തില്‍ യുപിഎസ്‌സിക്ക് ഒരു പങ്കുമില്ലെന്നാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ വാദം.