ന്യൂഡല്‍ഹി: കൊലപാതകക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗുസ്തിയില്‍ ദേശീയ ജൂനിയര്‍ ചാമ്പ്യനായിരുന്ന സാഗര്‍ ധന്‍കഡിനെ (23) മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സുശീല്‍, സാഗറിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ഇത് എല്ലായിടത്തും വൈറലാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നതായുമാണ് പുതിയ വെളിപ്പെടുത്തല്‍. ഗുസ്തിയില്‍ ദേശീയ ജൂനിയര്‍ ചാമ്പ്യനായിരുന്ന സാഗര്‍ ധന്‍കഡിനെ (23) യാണ് സുശീല്‍ മെയ് നാലിന് മര്‍ദ്ദിച്ച് കൊന്നത്.
സാഗറിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി എല്ലായിടത്തും വൈറലാക്കാന്‍ സുശീല്‍ കുമാര്‍ നിര്‍ദ്ദേശിച്ചു. ഇതിനായി തന്റെ സഹായിയായ പ്രിന്‍സ് എന്നയാളെ സുശീല്‍ നിയോഗിച്ചിരുന്നു. തനിക്കെതിരെ ഇനിയാരും ശബ്ദമുയര്‍ത്താതിരിക്കുന്നതിനാണ് സാഗറിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ എല്ലായിടത്തും പ്രചരിപ്പിക്കാന്‍ സുശീല്‍ കുമാര്‍ നിര്‍ദ്ദേശിച്ചത്. ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തിനു സമീപം മെയ് 4ന് രാത്രി സുശീലും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിനിടെയാണ് ജൂനിയര്‍ താരം സാഗര്‍ ധന്‍കഡ് മരിച്ചത്.
മെയ് നാലിന് സംഭവം നടന്നതിനു പിന്നാലെ ഒളിവില്‍ പോയ സുശീലിനെ കഴിഞ്ഞ ദിവസം പഞ്ചാബിലെ ജലന്തറില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. സുശീലിനൊപ്പം കൂട്ടാളി അജയ് കുമാറും പിടിയിലായിട്ടുണ്ട്. അതേസമയം പോലീസിനു പിടികൊടുക്കാതെ സ്ഥലം മാറിക്കൊണ്ടിരുന്ന സുശീല്‍ കുമാറിന്റെ കൈവശമുണ്ടായിരുന്ന പണം തീര്‍ന്നിരുന്നതായി പോലീസ് അറിയിച്ചു. ഇതേത്തുടര്‍ന്ന് നഗരത്തിലൊരിടത്തുനിന്ന് പണം സംഘടിപ്പിക്കാനുള്ള യാത്രയ്ക്കിടെയാണ് താരത്തെ പോലീസ് പിടികൂടിയത്.
സുശീലിനായി ഡല്‍ഹി പോലീസ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കുറ്റകൃത്യത്തില്‍ സുശീലിനു പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്നു ചൂണ്ടിക്കാട്ടിയ ഡല്‍ഹിയിലെ അഡീഷനല്‍ സെഷനല്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. മരിച്ച സാഗറും കൂട്ടുകാരും സുശീലിന്റെ ഫ്‌ളാറ്റിലായിരുന്നു വാടകയ്ക്കു താമസിച്ചിരുന്നത്. ഇവര്‍ ഒഴിയാന്‍ വിസ്സമ്മതിച്ചാണ് സംഘര്‍ഷത്തിലേക്കു നയിച്ചത്. 2008 ബെയ്ജിങ് ഒളിംപിക്‌സില്‍ വെങ്കലവും 2012 ലണ്ടന്‍ ഒളിപിക്‌സില്‍ വെള്ളിയും നേടിയ താരമാണ് പ്രതിയായ സുശീല്‍ കുമാര്‍.