ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിലെ ധനുമാസക്കമ്പം ഡിസംബർ 16-ന് തുടങ്ങും. രാവിലെ 9.30-ന് ക്ഷേത്രസന്നിധിയിൽ തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാട് ചടങ്ങുകൾക്ക് ദീപം തെളിയിക്കും. തണുങ്ങുപെറുക്ക് ചടങ്ങുകൾക്ക് അവസാനംകുറിച്ച് ജനുവരി 13-ന് ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ ആചാരത്തറയിൽ കമ്പത്തിന് തിരികൊളുത്തും. ദ്വാപരയുഗത്തിൽ നരനാരായണൻമാർ കൃഷ്ണാർജുനന്മാരായി അവതരിച്ച് അഗ്നിദേവനുവേണ്ടി ഖാണ്ഡവവനദഹനം നടത്തിയതിന്റെ ഓർമ്മയ്ക്കായാണ് ചടങ്ങ് നടത്തുന്നത്.
ധനുമാസത്തിൽ എല്ലാദിവസവും വൈകുന്നേരം ആറിന് മൂർത്തിട്ട മഹാഗണപതി ക്ഷേത്രത്തിൽനിന്ന് വഴിപാട് സ്വീകരിക്കുന്നതിനായി പോകുന്നതും ആറന്മുളയപ്പന്റെ അത്താഴശ്രീബലിയോടുകൂടി അതത് ദിവസത്തെ വഴിപാട് സ്വീകരിക്കൽ ചടങ്ങ് അവസാനിക്കുകയും ചെയ്യും. ആറന്മുളക്ഷേത്ര പരിസരത്തെ വീടുകളിൽ തണുങ്ങ് പെറുക്ക് വഴിപാട് സ്വീകരിക്കുന്നതിന് 9947955180, 9846257543 ഈ നമ്പറുകളിൽ ബുക്കുചെയ്യാമെന്ന് ധനുമാസക്കമ്പ നിർവഹണസമിതി കൺവീനർ വി.സുരേഷ് കുമാർ, ജോയിൻറ് കൺവീനർ എൻ. മനോജ് കുമാർ എന്നിവർ അറിയിച്ചു.