ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും രോഗബാധ. ധര്‍മേന്ദ്ര പ്രദാനെ ഹരിയാനയിലെ ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത് ഷായെ അഡ്മിറ്റ് ചെയ്ത അതേ ആശുപത്രിയിലാണ് ധര്‍മേന്ദ്ര പ്രധാനേയും പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത മന്ത്രിസഭാ യോഗത്തിന് ധര്‍മേന്ദ്ര പ്രധാന്‍ എത്തിയിരുന്നില്ല. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
കേന്ദ്രമന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിക്കുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, തമിഴ്നാട് ഗവര്‍ണര്‍ ബന്‍വിരാല്‍ പുരോഹിത് എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.