ലക്‌നൗ : ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയില്‍ പത്തൊന്‍പതു വയസുള്ള യുവതിയെയും കാമുകനെയും വീട്ടുകാര്‍ ജീവനോടെ കത്തിച്ചു കൊന്നു. ദുരഭിമാനക്കൊലയാണെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. യുവതിയെയും കാമുകനെയും ഒരു കുടിലില്‍ പൂട്ടിയിട്ട് തീ കൊളുത്തുകയായിരുന്നുവെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് മഹേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.
ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 23 വയസുള്ള ഭോല അപ്പോള്‍ തന്നെ മരിച്ചു. 80 ശതമാനം പൊള്ളലേറ്റ പ്രിയങ്കയെ കാണ്‍പുരിലെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നു. ആശുപത്രിയിലേക്കുള്ള വഴിക്ക് പ്രിയങ്കയും മരിച്ചതായി പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കുടുംബത്തിലെ ഒന്‍പതു പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.