മദ്യവും ലഹരിയും തന്റെ ജീവിതം പാടെ നശിപ്പിച്ചുവെന്ന് നടൻ ധ്യാൻ ശ്രീനിവാസ്. അമിത മദ്യപാനം മൂലം അച്ഛൻ വീട്ടിൽ നിന്ന് തന്നെ ഇറക്കിവിട്ടെന്നും ഭക്ഷണം പോലെ താൻ സിന്തറ്റിക്ക് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും ധ്യാൻ പറഞ്ഞു. ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ഞാനൊരു നെപ്പോ കിഡ് ആണല്ലോ. ഞാൻ ഒരു കാലത്ത് ഭയങ്കര ആൽക്കഹോളിക്ക് ആയിരുന്നു. ഏത് നേരവും മദ്യപിക്കും. വേറെ പണിയൊന്നുമില്ല. ഇതേ ചെയ്യാനുള്ളൂ. മാസങ്ങളോളം വീട്ടിലിരുന്ന് വെളിച്ചം പോലും കാണാതെ ഇരുന്ന് മദ്യപിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ രസം ഈ കാലഘട്ടത്തിനിടയിൽ എനിക്ക് പ്രണയമുണ്ടായിരുന്നു. കുടുംബവുമായി ആ സമയത്തും ഇമോഷ്ണലി അറ്റാച്ച്ഡ് ആയിരുന്നു.
അടിച്ചിട്ടാണെങ്കിലും ഞാൻ വീട്ടിൽ പോകും. ക്ലോസ് സർക്കിളിൽ ഞാൻ വളരെ ന്യൂയിസെൻസ് ആയിരുന്നു. കല്യാണത്തിന്റെ തലേന്ന് പോലും ഫിറ്റായി ചീട്ടുകളിയാരുന്നു. 2017 ലാണ്. കൂട്ടത്തിൽ ബോധമുള്ളവനാണ് എന്നെ കണ്ണൂരെത്തിക്കുന്നത്. അവിടെ വെച്ചും കുടിച്ചു. രാവിലെയും കഴിച്ചു. മണ്ഡപത്തിൽ എത്തുമ്പോൾ നിറയെ ആളാണ്. കോടിയേരി ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. ഓർഗാനിക് സദ്യയായിരുന്നു കല്ല്യാണത്തിന്. ഞാൻ ഇവിടുന്ന് പോകുമെന്നൊക്കെ പറഞ്ഞു. എനിക്ക് പോകാനുള്ള കാറിനൊക്കെ പൂവൊട്ടിച്ചതിന് ബഹളം വെച്ചു. ഞാൻ കല്ല്യാണം കഴിക്കുന്നതൊക്കെ വീട്ടുകാർക്ക് വലിയ കാര്യമായിരുന്നു.
ഞാൻ നശിച്ച് പോകുമെന്ന് ആളുകൾ വിചാരിച്ചതാണ്. അച്ഛൻ എന്നെ ഇറക്കി വിടുന്നു. എനിക്ക് സ്ട്രോക്ക് വരുന്നു. ഞാൻ കാരണം പുള്ളിയുടെ കരിയർ ഇല്ലാതായെന്നൊക്കെ പറഞ്ഞു. എന്നെ നന്നാക്കിയെടുക്കാനായി വീട്ടുകാർ ഒരുപാട് ശ്രമിച്ചിരുന്നു. പ്ലസ് വൺ, പ്ലസ് ടു കാലത്തൊക്കെ രണ്ട് സ്കൂളൊക്കെ മാറ്റിയിട്ടുണ്ട്. 2013 കഴിഞ്ഞപ്പോൾ മദ്യപാനം നിർത്തി ഓർഗാനിക് രീതികളിലേക്ക് മാറുന്നു. പച്ചിലകളൊക്കെ വലിച്ച് കേറ്റിയായിരുന്നു ജീവിതം. 2013 മുതൽ മദ്യപാനം ഞാൻ കുറച്ചിരുന്നു. അച്ഛനെ ചീത്തവിളിച്ചിട്ടാണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നത്. ബോധം വന്നപ്പോഴാണ് ഞാൻ വീട്ടിൽ നിന്ന് പുറത്തായത് അറിയുന്നത്. സിനിമ എന്റെ റീഹാബ് ആയിരുന്നു. 2019 ഓടെ കൂടി കുഞ്ഞ് ജനിച്ചപ്പോഴാണ് മാറ്റം വന്നത്. ഞാൻ ഇതുപോലെ വലിച്ചിരിക്കുമ്പോഴാണ് കുഞ്ഞ് ജനിക്കുന്നത്. കൂട്ടുകാരനൊപ്പം ഇരിക്കുമ്പോഴാണ് എനിക്ക് ഭാര്യയുടെ കോൾ വരുന്നത്. നിങ്ങളെന്താണ് മനുഷ്യാ ചെയ്യുന്നതെന്നൊക്കെ അവൾ വിളിച്ച് ചോദിച്ചു.
അവസാനം ഞാൻ ആശുപത്രിയിൽ എത്തിയപ്പോൾ എന്റെ കൈയ്യിലൊരു കുഞ്ഞിനെ വെച്ച് തരികയാണ്. അവൾ വന്നതോട് കൂടിയാണ് എന്റെ ജീവിതമാകെ തകിടം മറിയുന്നത്. എന്റെ ജീവിതം തുലച്ചത്, പഠനം ഇല്ലാതാക്കിയത്, പ്രണയം ഇല്ലാതാക്കിയത് എല്ലാം സിന്തറ്റിക് ആയിരുന്നു. എന്റെ കോളേജ് സമയത്ത് ഭീകരമായി ഞാൻ സിന്തറ്റിക് ഉപയോഗിച്ചിട്ടുണ്ട്. തിന്നുന്നത് പോലെയായിരുന്നു. മദ്യവും സിന്തറ്റിക്കും കൂടെ ആയപ്പോൾ അച്ഛനെ വിളിച്ച് ചീത്തവിളിച്ചു. ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് പോലും അറിയില്ലായിരുന്നു.ആ കാലമൊക്കെ ഞാൻ നശിച്ച കാലമായിട്ടാണ് കണക്കാക്കുന്നത്. മൂന്ന് വർഷത്തോളം ഇത് ഉപയോഗിച്ചപ്പോൾ ബന്ധങ്ങളില്ലാതായി, സൗഹൃദങ്ങൾ ഇല്ലാതായി,പൂർണമായും നശിച്ച് പോയി ഞാൻ. ഇതൊക്കെ നീ നിന്‍റെ നല്ല പ്രായത്തിൽ ചെയ്തിട്ട് ഞങ്ങളെ ഉപദേശിക്കാൻ വരുന്നോയെന്ന് ചിന്തിക്കുന്നുണ്ടാകും. പക്ഷേ ഇതൊക്കെ ഉപയോഗിച്ച് നശിച്ച് പോയത് കൊണ്ടാണ് ഞാൻ ഇത് പറയുന്നത് ധ്യാൻ പറഞ്ഞു.