അടൂര്‍ : കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ അനുവദിക്കില്ലെന്ന് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍. അടൂര്‍ മണക്കാല ഹൈസ്‌കൂളിലെ വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശിക്കവേ ഇക്കാര്യത്തില്‍ ജില്ലാ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെങ്കിലും ഒരു തരത്തിലുമുള്ള ലംഘനവും ഉണ്ടാകാതിരിക്കാന്‍ പോലീസ് എല്ലാ തയ്യാറെടുപ്പുകളും എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയും നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും കൈമാറിയതായി ഉറപ്പാക്കണം. ഘോഷയാത്രകള്‍, ആഘോഷത്തിനായുള്ള ഒത്തുചേരലുകള്‍ ഒന്നുംതന്നെ ഉണ്ടാകാന്‍ പാടില്ലെന്ന കമ്മീഷന്റെയും ഹൈക്കോടതിയുടെയും ഉത്തരവുകളുടെ പകര്‍പ്പുകള്‍ സ്ഥാനാര്‍ഥികള്‍ക്കും ഭാരവാഹികള്‍ക്കും നോട്ടീസായി നല്‍കിയിട്ടുണ്ടെന്നും ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ എടുക്കുമെന്നുള്ള വിവരവും മുന്‍കരുതല്‍ നടപടിയായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്ന കാര്യവും ബന്ധപ്പെട്ടവരെ അറിയിച്ചതായും ഉറപ്പാക്കണമെന്ന് ജില്ലാപോലീസിന് അദ്ദേഹം നിര്‍ദേശം നല്‍കി.
കോവിഡ് പശ്ചാത്തലത്തില്‍ ആളുകള്‍ ഒത്തുകൂടുന്നത് അനുവദിക്കില്ല, ആഘോഷങ്ങളോ ഒത്തുചേരലുകളോ ഉണ്ടായാല്‍ പോലീസ് ശക്തമായി തടയും. സ്‌ട്രൈക്കിംഗ് ഫോഴ്സ് ഉള്‍പ്പെടെയുള്ള പോലീസ് സംവിധാനം സര്‍വ സജ്ജമായിരിക്കും. ഇതു സംബന്ധിച്ച് വേണ്ട വിവരശേഖരണം നടത്താന്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കണം. ഇക്കാര്യങ്ങളില്‍ ആവശ്യമായ നടപടികള്‍ ഉണ്ടാവണമെന്ന് അദ്ദേഹം ജില്ലാപോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് ജില്ലയിലെ പോലീസ് സംവിധാനം പൂര്‍ണമായി പ്രയോജനപ്പെടുത്തി നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിക്കുമെന്ന് ജില്ലാപോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു.
ജില്ലാപോലീസ് മേധാവിയെ കൂടാതെ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സുല്‍ഫിക്കര്‍, അടൂര്‍ ഡിവൈഎസ്പി: ബി.വിനോദ് തുടങ്ങിയവര്‍ ഡിഐജിക്ക് ഒപ്പമുണ്ടായിരുന്നു.