തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ‘എന്റെ ഭൂമി’ ഡിജിറ്റല്‍ സര്‍വെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആറുലക്ഷത്തിആറായിരം ഹെക്ടര്‍ ഭൂമിയും 44.54 ലക്ഷം ലാന്‍ഡ് പാര്‍സലുകളും അളന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമായി കേരളം മാറിയെന്നത് അഭിമാനകരമാണെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍. നാഷണല്‍ ജിയോ സ്‌പേഷ്യല്‍ നോളജ് ബേസ്ഡ് ലാന്‍ഡ് സര്‍വെ ഓഫ് അര്‍ബന്‍ ഹാബിറ്റേഷന്‍ (നക്ഷ) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ’ എന്ന ലക്ഷ്യത്തോടെ 2021ല്‍ ആരംഭിച്ച ഡിജിറ്റല്‍ സര്‍വേ പദ്ധതിയിലൂടെ 247 വില്ലേജുകളില്‍ സര്‍വേ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 28 കണ്ടിന്യുസിലി ഓപ്പറേറ്റിംഗ് റഫറന്‍സ് സ്റ്റേഷനുകള്‍, റിയല്‍ ടൈം കൈനമാറ്റിക് സംവിധാനങ്ങള്‍, 200 റോബോട്ടിക് ടോട്ടല്‍ സ്റ്റേഷനുകള്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങളും 4700ല്‍ അധികം താത്കാലിക ജീവനക്കാരെയും നിയമിച്ചാണ് ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
കേരളം ലോകത്തോടൊപ്പം നടക്കുകയാണ്. സംസ്ഥാനത്തെ രണ്ടാം ഭൂപരിഷ്‌കരണമായി ഡിജിറ്റല്‍ സര്‍വേ മാറുകയാണ്. റവന്യു, സര്‍വേ, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ നല്‍കുന്ന ഭൂസേവനങ്ങള്‍ സംയോജിപ്പിച്ച് സംസ്ഥാനത്ത് നടപ്പാക്കുന്ന ‘എന്റെ ഭൂമി’ സംയോജിത പോര്‍ട്ടല്‍ രാജ്യത്തിന് മാതൃകയാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഭൂരേഖകളുടെ അവസാനത്തെ സെറ്റില്‍മെന്റ് നടപ്പാക്കുന്നതിനായി നിയമസഭ ഒരു സെറ്റില്‍മെന്റ് ആക്ട് പ്രഖ്യാപിക്കാന്‍ പോവുകയാണെന്നും മന്ത്രി അറിയിച്ചു. കയ്യൂക്കും പണാധിപത്യവും കൊണ്ട് ആരുടെയെങ്കിലും ഭൂമിയുടെ അതിര് നിഷ്പ്രയാസം മാറ്റാമെന്ന ധാരണ ഡിജിറ്റല്‍ സര്‍വേയിലൂടെ മാറും. ഡിജിറ്റല്‍ വേലി രൂപീകരിക്കപ്പെടുകയാണെന്നും മന്ത്രി വ്യക്തമാക്കി. ആന്ധ്രാപ്രദേശ്, പുതുച്ചേരി, തമിഴ്നാട്, അസം തുടങ്ങിയ വിവിധ സംസ്ഥാനങ്ങള്‍ കേരളത്തിന്റെ സര്‍വേ മോണിറ്ററിംഗ് സംവിധാനങ്ങള്‍ പഠിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത് ഡിജിറ്റല്‍ സര്‍വേയില്‍ ഒരു ദേശീയ കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 25 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയെന്നും മന്ത്രി വ്യക്തമാക്കി.
കെ. ആന്‍സലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പരാതിരഹിതമായി ഭൂരേഖകള്‍ക്ക് അന്തിമ തീരുമാനമുണ്ടാക്കാന്‍ ഡിജിറ്റല്‍ സര്‍വേ സംവിധാനം നടപ്പാക്കുന്നതിലൂടെ സാധിക്കുന്നുണ്ടെന്ന് എംഎല്‍എ പറഞ്ഞു. നെയ്യാറ്റിന്‍കര ടി.ജെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ലാന്‍ഡ് റവന്യൂ വകുപ്പ് കമ്മീഷണര്‍ എ.കൗശിഗന്‍, നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍മാന്‍ പി. കെ. രാജ്‌മോഹന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ പ്രിയ സുമേഷ്, സര്‍വെ ഓഫ് ഇന്ത്യ, കേരളം- ലക്ഷദ്വീപ് വിംഗ് സൂപ്രണ്ടിംഗ് സര്‍വേയര്‍ പങ്കജ് കുമാര്‍, സര്‍വെയും ഭൂരേഖയും വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡി. മോഹന്‍ദേവ് തുടങ്ങിയവര്‍ പങ്കെടുത്തു.