ബെംഗളൂരു : മധ്യപ്രദേശിലെ കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ കാണാനായി ബെംഗളൂരുവിലെത്തിയ ദിഗ് വിജയ് സിങിനെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു. 21 വിമത എംഎല്‍എമാര്‍ താമസിക്കുന്ന റമദ ഹോട്ടലിലേക്ക് പ്രവേശിക്കാന്‍ ദിഗ് വിജയ് സിങിനെ പോലീസ് സമ്മതിച്ചില്ല. തുടര്‍ന്ന് ഹോട്ടലിന് മുന്നില്‍ ധര്‍ണയിരുന്ന അദ്ദേഹത്തെ മുന്‍കരുതലിന്റെ ഭാഗമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ന് രാവിലെയാണ് ദിഗ് വിജയ് സിങ് ബെംഗളൂരുവിലെത്തിയത്തിയത്. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ‘ഞാന്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥിയാണ്. 26-ാം തിയതിയാണ് വോട്ടെടുപ്പ്. എന്റെ എംഎല്‍എമാരെ ഇവിടെ തടഞ്ഞുവെച്ചിരിക്കുകയാണ്. അവര്‍ക്ക് എന്നോട് സംസാരിക്കണമെന്നുണ്ട്. അവരുടെ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ച് പോലീസ് എന്നെ അവരുമായി സംസാരിക്കാന്‍ അനുവദിക്കുന്നില്ല’, ധര്‍ണയിലിരുന്നുക്കൊണ്ട് ദിഗ് വിജയ് സിങ് പറഞ്ഞു.
അവര്‍ തിരിച്ചുവരുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ എംഎല്‍എമാരെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് അവരുടെ കുടുംബങ്ങളില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിച്ചു. താന്‍ അഞ്ച് എംഎല്‍എമാരുമായി നേരിട്ട് സംസാരിച്ചു, അവര്‍ ബന്ദികളാണെന്ന് പറഞ്ഞു. അവരുടെ ഫോണുകള്‍ തട്ടിയെടുത്തിട്ടുണ്ട്. എല്ലാ മുറികള്‍ക്ക് മുന്നിലും പോലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. 24 മണിക്കൂറും പോലീസ് അവരെ പിന്തുടരുകയാണെന്നും ദിഗ് വിജയ് സിങ് കൂട്ടിച്ചേര്‍ത്തു.
ബിജെപി സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന് ഡി.കെ ശിവകുമാറും പ്രതികരിച്ചു. ‘ഞങ്ങള്‍ക്ക് ഞങ്ങളുടേതായ രാഷ്ട്രീയ തന്ത്രങ്ങളുണ്ട്. സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം. ദിഗ് വിജയ് സിങ് ഒറ്റയ്ക്കല്ല ഇവിടെ. ഞാനും ഇവിടെയുണ്ട്. അദ്ദേഹത്തിന് എങ്ങനെ പിന്തുണ നല്‍കണമെന്ന് എനിക്കറിയാം. എന്നാല്‍ കര്‍ണാടകയില്‍ ഒരു ക്രമസമാധാന സാഹചര്യം സൃഷ്ടിക്കാന്‍ തങ്ങളില്ല’ ശിവകുമാര്‍ പറഞ്ഞു.
ഇതിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത ദിഗ് വിജയ് സിങിനെ അമൃതഹള്ളി പോലീസ് സ്‌റ്റേഷനിലെത്തിച്ചു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് അദ്ദേഹം സ്റ്റേഷനില്‍ നിരഹാരം അനുഷ്ഠിക്കുകയാണ്.