ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാർത്ഥിയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ മുതിർന്ന നേതാവ് ദിഗ്വിജയ സിംഗും മത്സരത്തിനുണ്ടായേക്കുമെന്ന് സൂചന. ഈ മാസം 30ന് അദ്ദേഹം നാമനിർദ്ദേശ പത്രിക നൽകുമെന്നാണ് വിവരം. ഇന്ന് അദ്ദേഹം ദില്ലിയിലേക്ക് തിരിച്ചെത്തും. അശോക് ഗെലോട്ടിന്റെ കാര്യത്തിൽ പാർട്ടി നേതൃത്വം സംശയത്തിലായതോടെ ദിഗ്വിജയ് സിംഗ്, മല്ലികാർജുൻ ഖാർഗെ, കെ സി വേണുഗോപാൽ എന്നിവരുടെ പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ശശി തരൂർ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന കാര്യം ഉറപ്പായിട്ടുണ്ട്.
രാജസ്ഥാനിലെ വിമതനീക്കമാണ് ഗെലോട്ടിന് തിരിച്ചടിയായത്. വിശ്വസ്തനായ ഗെലോട്ടിന്റെ ഭാഗത്ത് നിന്ന് അപ്രതീക്ഷിതമായുണ്ടായ നീക്കം ഗാന്ധി കുടുബത്തിന്‍റെ വിശ്വാസത്തിന് ഇടിവ് വരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഗെലോട്ടുമായുള്ള ആശയവിനിമയം പൂര്‍ണമായും അടഞ്ഞിട്ടില്ലെങ്കിലും മറ്റ് വഴികള്‍ കൂടി നേതൃത്വം തേടുകയാണ്. വിഷയത്തിൽ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായി എ കെ ആന്റണി കൂടിക്കാഴ്ച നടത്തും. രാജസ്ഥാനിലെ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ ഗെലോട്ടും ദില്ലിയിലെത്തിയിട്ടുണ്ട്.