കൊച്ചി : യുവ നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിലെ എട്ടാംപ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.
കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയും നടന്‍ ദിലീപും തമ്മില്‍ തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച് കണ്ടുവെന്ന് മൊഴി നല്‍കിയ പ്രോസിക്യൂഷന്‍ ആശ്രയിക്കുന്ന നിര്‍ണായക സാക്ഷിയെ മറ്റൊരു അഭിഭാഷകന്‍ മുഖേന സ്വാധീനിക്കാന്‍ ശ്രമിച്ചതായി വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലാണു പ്രോസിക്യൂഷന്‍ നീക്കം.
പ്രോസിക്യുഷന്റെ പരാതിയുടെ അടിസ്‌ഥാനത്തില്‍ ആരോപണ വിധേയനായ അഭിഭാഷകന് കോടതി നോട്ടീസ് അയച്ചു. അഭിഭാഷകന് പറയാനുള്ളത് കേട്ട ശേഷം കോടതി തുടര്‍ നടപടികളിലേക്കും നീങ്ങും. 2017 ഫെബ്രുവരി 18 നാണ് നടി ആക്രമിക്കപ്പെടുന്നത്. കേസില്‍ 2017 ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേസില്‍ ഇതുവരെ അന്‍പത് സാക്ഷികളെ വിസ്തരിച്ചു. നടന്‍ മുകേഷിനെ ഇന്ന് വിസ്തരിച്ചേക്കും. ഭാമ, സിദ്ധിഖ് തുടങ്ങിയവരെ അടുത്തയാഴ്ച വിസ്തരിക്കുമെന്നാണ് സൂചന.