കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചതിന്റെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ദിലീപിന്റെ ഒരു ഫോണിലെ 12 നമ്പരുകളിലേയ്ക്കുള്ള ചാറ്റുകള്‍ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വ്യക്തികളുമായുള്ള ചാറ്റാണിത്. നശിപ്പിച്ച ചാറ്റുകള്‍ വീണ്ടെടുക്കാനായി ക്രൈംബ്രാഞ്ച് ഫോറന്‍സിക് സയന്‍സ് ലാബിന്റെ സഹായം തേടിയിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ചിന് ലഭിച്ചേക്കുമെന്നാണ് വിവരം.
മുംബയിലെ ലാബില്‍ വച്ച് മൊബൈല്‍ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതിന്റെ മിറര്‍ കോപ്പി ക്രൈംബ്രാഞ്ച് നേരത്തേ കണ്ടെത്തിയിരുന്നു. ഈ ലാബില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണായക രേഖകള്‍ കണ്ടെടുത്തത്. ഓരോ ഫയലുകളും പരിശോധിച്ച് തെളിവുകള്‍ നശിപ്പിക്കുകയായിരുന്നു. ലാബ് സ്വന്തം നിലയില്‍ തയാറാക്കിയ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും ക്രൈംബ്രാഞ്ച് ശേഖരിച്ചു. കൊച്ചിയില്‍ നിന്നും കൊറിയര്‍ വഴിയാണ് ഫോണുകള്‍ ലാബിലേയ്ക്ക് അയച്ചത്. ഇതിന്റെ രസീതും ലാബില്‍ നിന്നും കിട്ടി.
മുംബയില്‍ താമസിക്കുന്ന മലയാളിയായ വിന്‍സെന്റ് ചൊവ്വല്ലൂരാണ് ദിലീപിന്റെ അഭിഭാഷകരെ ലാബുമായി പരിചയപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. മുന്‍ ആദായ നികുതി കമ്മീഷണറായിരുന്ന വിന്‍സെന്റ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതിയാണ്. ദിലീപിന്റെയും വിന്‍സെന്റിന്റെയും കേസുകള്‍ കൈകാര്യം ചെയ്യുന്നത് ഒരേ അഭിഭാഷകനാണ്. അയാളുടെ ആവശ്യപ്രകാരമാണ് വിന്‍സെന്റ് ലാബിനെ സമീപിക്കാന്‍ സഹായിച്ചത്. ദിലീപിന്റെ അഭിഭാഷകര്‍ക്കൊപ്പം ഫോണുകള്‍ വാങ്ങാന്‍ താനും ലാബിലേയ്ക്ക് പോയിരുന്നു എന്ന് വിന്‍സെന്റ് സമ്മതിച്ചിരുന്നു.