കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്ന വൈദികന്‍ വിക്ടറിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. സംവിധായകന്‍ ബാലചന്ദ്രകുമാറിനായി വെെദികന്‍ പണം ആവശ്യപ്പെട്ടെന്ന ദിലിപിന്റെ ആരോപണം വൈദികന്‍ നിഷേധിച്ചു. ദിലീപുമായുളള വൈദികന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് മൊഴിയെടുത്തത്.
ബാലചന്ദ്രകുമാറിനൊപ്പം ദിലീപിന്റെ വീട്ടില്‍ താന്‍ പോയിട്ടുണ്ടെന്നും എന്നാല്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് വൈദികന്‍ ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴി. ലത്തീന്‍ തിരുവനന്തപുരം രൂപതയിലെ വൈദികനായ വിക്ടറില്‍ നിന്നാണ് മൊഴി രേഖപ്പെടുത്തിയത്. ആലുവ പോലീസ് ക്ലബില്‍ എത്തിയാണ് വെെദികന്‍ മൊഴി നല്‍കിയത്.
ജാമ്യത്തിനു വേണ്ടി ദിലീപില്‍ നിന്നും ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ടുവെന്നായിരുന്നു ദിലീപിന്റെ ആരോപണം. ഈ ആരോപണമാണ് ഇപ്പോള്‍ വൈദികന്‍ നിഷേധിച്ചത്. നേരത്തെ ദിലീപിന് ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടതായി ആരോപണമുയര്‍ന്നിരുന്നു. ഇതിനോടൊപ്പമാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ സുഹൃത്തായിരുന്ന വെെദികന്‍ വിക്ടറിന്റെ പേരും ചര്‍ച്ചയായത്.