കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും. ദിലീപ് അടക്കം മുഴുവന്‍ പ്രതികളും ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പിന്‍ ഹാജരാകണം. ഞായറാഴ്ചയും തിങ്കളാഴ്ചയും ദിലീപിനെ ചോദ്യം ചെയ്യും. ചൊവ്വാഴ്ച അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണം. അതേസമയം ചോദ്യം ചെയ്യലിന് ആറുമണിക്കൂര്‍ വരെ ഹാജരാകാമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും ദിലീപ് കോടതിയെ അറിയിച്ചു. ജാമ്യം നല്‍കിയാല്‍ അന്വേഷണത്തില്‍ ഇടപെടരുതെന്നും എങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈകോടതി പറഞ്ഞു. ഏത് ഉപാധിയും അംഗീകരിക്കാമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
അതേസമയം തെളിവുകള്‍ പലതും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഹൈകോടതി നിരീക്ഷിച്ചു. ഗൂഡാലോചന നടത്തുന്നത് കൃത്യം ചെയ്യുന്നതിന് തുല്യമാണെന്നും കോടതി വിലയിരുത്തി. ഗൂഡാലോചന നടത്തിയാല്‍ കൃത്യം ചെയ്തില്ലെങ്കിലും കൃത്യം ചെയ്തതായി കണക്കാക്കാമെന്നും കോടതി പറഞ്ഞു. ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിയാണ് ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. കേസ് പ്രാധാന്യമുള്ളതാണെന്നും വിശദമായ വാദം കേള്‍ക്കാന്‍ സമയം വേണമെന്ന് വിലയിരുത്തിയ ജസ്റ്റിസ് പി.ഗോപിനാഥ് ജാമ്യ ഹര്‍ജി ശനിയാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റുകയായിരുന്നു. രാവിലെ ഓണ്‍ലൈന്‍ സിറ്റിങ് ഒഴിവാക്കി കോടതിമുറിയില്‍ നേരിട്ട് വാദം കേള്‍ക്കുകയായിരുന്നു. ദിലീപിനെതിരെ പ്രോസിക്യൂഷന്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയിരുന്നു. ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍ സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവ സ്വദേശിയായ ഹോട്ടലുടമ ശരത് എന്നിവരും മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു.