കൊച്ചി : നടിയെ ആക്രമിക്കുന്നതിനുള്ള ഗൂഢാലോചന നടന്നത് ആലുവയിലെ ഒരു ഹോട്ടലിലാണെന്ന് പള്‍സര്‍ സുനിയടെ അമ്മ ശോഭനയുടെ വെളിപ്പെടുത്തൽ. ഈ യോഗത്തില്‍ സിദ്ദീഖ് എന്നയാള്‍ പങ്കെടുത്തതായി സുനി തനിക്ക് നല്‍കിയ കത്തിൽ എഴുതിയിട്ടുണ്ട്. എന്നാല്‍, ഇത് നടന്‍ സിദ്ദീഖ് ആണോ എന്ന് തനിക്കറിയില്ലെന്ന് ശോഭന പറഞ്ഞു. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറയുന്നത് സത്യമാണെന്നും ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന പലരും അത് പുറത്ത് പറയാന്‍ തയ്യാറാവുന്നില്ലെന്നും ജയിലില്‍ വെച്ച് കണ്ടപ്പോള്‍ സുനി പറഞ്ഞതായി അമ്മ വ്യക്തമാക്കി. അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ശരത് അടക്കമുളള പ്രതികൾ സമാന ഹർജി നൽകിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും കളളക്കേസാണെന്നുമാണ് ദിലീപടക്കമുളള പ്രതികളുടെ വാദം. എന്നാൽ നിയമത്തിന്റെ പിടിയിൽ നിന്ന് വഴുതി മാറാനുളള ശ്രമമാണ് ദിലീപിന്റേതും സകല തെളിവുകളും ശേഖരിച്ചശേഷമാണ് പ്രതി ചേർത്തതെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. ദിലീപടക്കമുളള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം.