കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു. പ്രതിവാദത്തിന്റെ വാദം തുടങ്ങി. ബാലചന്ദ്ര കുമാര്‍ പ്രോസിക്യൂഷന്‍ കെട്ടിയിറക്കിയ സാക്ഷിയാണെന്നാണ് വാദം. വിചാരണ അനാവശ്യമായി നീട്ടികൊണ്ടു പോകുകയാണെന്നും പറയുന്നു. പഴയ കേസിന്റെ വിശദംശങ്ങളാണ് പ്രതിഭാഗം പറയുന്നത്. യൂട്യൂബ് വീഡിയോ കണ്ട ദിലീപ് പോലീസ് ഉദ്യോഗസ്ഥര്‍ അനുഭവിക്കും എന്നാണ് പറഞ്ഞിരിയ്ക്കുന്നത് ഇത് എഫ്‌ഐആറിലും രേഖപ്പെടുത്തിയ വരിയാണ്. ഇത്തരത്തില്‍ ശാപവാക്കുകള്‍ പറയുന്നത് ക്രിമിനല്‍ കുറ്റമാകില്ല എന്നാണ് പ്രതിഭാഗം പറയുന്നത്. അങ്ങനെ ഒരാള്‍ പറയുന്നത് അയാളുടെ വിഷമം കൊണ്ടും ബുദ്ധിമുട്ട് കൊണ്ടും ആവാം അതിനെ കുറ്റമായി കാണാന്‍ കഴിയില്ല എന്നും അവര്‍ വാദിക്കുന്നു.
സാക്ഷിമൊഴിയിലും എഫ്‌ഐആറിലും പറയുന്ന മൊഴികളില്‍ വൈരുധ്യമുണ്ടെന്നും പരസ്പരവിരുദ്ധമാണെന്നും പ്രതിഭാഗം പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം നീട്ടാനാണ് ശ്രമം എന്നും അഭിഭാഷകന്‍ പറയുന്നു. കേസ് പരിഗണിക്കവേ കോടതി ചില നിര്‍ണായക പരാമര്‍ശങ്ങളും നടത്തി. ഒരാളെ കൊല്ലും എന്ന് വെറുതെ വാക്കാല്‍ പറഞ്ഞാല്‍ പോരാ, എന്തെങ്കിലും പ്രവര്‍ത്തി ഉണ്ടായോ എന്ന് വ്യക്തമാകണം എന്ന് കോടതി പറഞ്ഞു. അതേസമയം ഇതിന് മറുപടിയായി വെറുതേ വാക്കാല്‍ പറഞ്ഞതല്ല, ഗൂഢാലോചനക്ക് തെളിവുണ്ടെന്ന് സര്‍ക്കാറും കോടതിയില്‍ വ്യക്തമാക്കി. ഇതിന്റെ തെളിവ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. തുറന്ന കോടതിയില്‍ പറയാന്‍ സാധിക്കാത്തതു കൊണ്ടാണ് രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. അതേസമയം ക്രിട്ടിക്കല്‍ തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം.
പ്രേരണാ കുറ്റവും ഗൂഢാലോചനാ കുറ്റവും ഒരുമിച്ചു പോകില്ലെന്നും കോടതി പറഞ്ഞു. വിശദമായ വാദത്തിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ജസ്റ്റിസ് പി.ഗോപിനാഥ് ചില സംശയങ്ങള്‍ ഉന്നയിച്ചത്. ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് വിശദമായ എതിര്‍ സത്യവാങ്മൂലമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയിരുന്ന മറ്റ് ഇടപെടലുകള്‍ വ്യക്തമാക്കുന്ന രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടായിരുന്നു. സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ് പോലെ ഇല്ല ഈ കേസെന്നും, ഗൂഢാലോചന നടത്തുകയും അത് നടപ്പാക്കുന്നതുവരെ പോയിട്ടുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കുന്നത് ഇന്നത്തെ അവസാന കേസായാണ്. മറ്റു ഒമ്പതു കേസുകള്‍ കൂടി പരിഗണിച്ച ശേഷമാകും കേസ് വണ്ടും പരിഗണിക്കുക.
ലൈംഗികാതിക്രമത്തിനായി കുറ്റവാളികളുടെ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതും അത് അന്വേഷിച്ച ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയതും കേരള ചരിത്രത്തില്‍ ആദ്യമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും എന്നാല്‍ മാത്രമേ ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുവാന്‍ സാധിക്കുകയുള്ളൂവെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍ സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവ സ്വദേശിയായ ഹോട്ടലുടമ ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും ഇന്ന് കോടതിയുടെ മുന്നിലുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്‌പി ബിജു കെ പൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്‌പി കെ.എസ് സുദര്‍ശന്‍ ഉള്‍പ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും പള്‍സര്‍ സുനിയെയും അപായപ്പെടുത്താന്‍ ദിലീപ് പദ്ധതിയിട്ടു എന്നതായിരുന്നു നിലവിലെ കേസ്. ബൈജു കെ പൗലോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ ഗുഢാലോചന കേസ് കെട്ടിചമച്ചതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് മുന്‍കൂര്‍ ജാമ്യം തേടിയത്. പുതിയ കേസ് കെട്ടിച്ചമച്ച് വിസ്താരം നീട്ടിവെക്കാന്‍ ആണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത് എന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതി ചേര്‍ത്തതെന്നാണ് പ്രോസിക്യൂഷന്‍ വാദം.
ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യ സൂത്രധാരനാണ് ദിലീപ് എന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഒരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നു, ഇതിന് പുറമെ അസാധാരണ നീക്കങ്ങളും ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു എന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നത് അസാധാരണമായ സാഹചര്യമാണ്. ലൈംഗിക പീഡനങ്ങള്‍ക്ക് പ്രതി ക്രിമിനലുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.