കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കുന്നതിന് ഗൂഡാലോചന നടത്തിയ കേസിലെ പ്രതിയായ വിഐപിയെ തിരിച്ചറിഞ്ഞു. ദിലീപിന്റെ സുഹൃത്തായ ആലുവ സ്വദേശി ശരത് ജി നായര്‍ ആണ് ഈ വിഐപി എന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. ശബ്ദ സാമ്പിള്‍ പരിശോധനയിലൂടെയാണ് ഇക്കാര്യം അന്വേഷണ സംഘം സ്ഥിരീകരിച്ചത്.
ദിലീപിന്റെ സുഹൃത്തും സൂര്യ ഹോട്ടല്‍ ആന്റ് ട്രാവല്‍സ് ഉടമയുമാണ് ശരത് ജി നായര്‍. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ആറാം പ്രതിയാണ് വെളിച്ചത്ത് വരുന്നത്. ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്ന സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ചിത്രം കണ്ടു സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇയാളുടെ ശബ്ദ പരിശോധന നടത്തിയത്.
നേരത്തെ ചില ചിത്രങ്ങള്‍ കാണിച്ചതില്‍ ദിലീപിന്റെ സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായ ശരത്തിന്റെയും കോട്ടയം സ്വദേശി മെഹ്ബൂബിന്റെയും ചിത്രങ്ങളില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതില്‍ കൂടുതല്‍ സാധ്യത കല്‍പിച്ച മെഹ്ബൂബിന്റെ വിവരങ്ങള്‍ പുറത്തു വന്നതോടെ ആരോപണം നിഷേധിച്ച് അദ്ദേഹം ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഈ ശബ്ദവുമായി ഒത്തു നോക്കി അത് മെഹ്ബൂബല്ല എന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. സംശയ നിഴലിലുണ്ടായിരുന്ന ശരത്തുമായി ഫോണില്‍ സംസാരിച്ച് ശബ്ദ സാംപിള്‍ ശേഖരിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇയാള്‍ ഫോണ്‍ പ്രവര്‍ത്തന രഹിതമാക്കി മുങ്ങിയതാണ് അന്വേഷണത്തിനു വിലങ്ങു തടിയായത്. ഇതിനിടെ മറ്റു വഴികളില്‍ ശബ്ദസാംപിള്‍ ശേഖരിച്ചാണ് പോലീസ് വിഐപി ശരത്താണെന്ന് ഉറപ്പിച്ചിരിക്കുന്നത്. നേരത്തെ ബാലചന്ദ്രകുമാര്‍ ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ ശരത് എന്ന പേര് പരാമര്‍ശിച്ചിരുന്നെങ്കിലും സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നില്ല.
ദിലീപിന്റെ വീട്ടിലുണ്ടായിരുന്ന ബന്ധുവിന്റെ കുട്ടി ‘ശരത് അങ്കിള്‍’ വന്നു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു എന്നായിരുന്നു പരാമര്‍ശം. എന്നാല്‍ ഇത് കുട്ടിക്കു പേരു മാറിയതാണോ എന്നായിരുന്നു സംശയം. തുടര്‍ന്നാണ് ഇയാളുടെ ശബ്ദസാംപിള്‍ ശേഖരിക്കാന്‍ ശ്രമമുണ്ടായത്. അതിനിടെ അന്വേഷണം തന്നിലേക്കു നീളുന്നതു തിരിച്ചറിഞ്ഞ ശരത് മൊബൈല്‍ ഫോണ്‍ ഓഫാക്കി മുങ്ങിയിരുന്നു. ഇയാള്‍ ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.
അതുവരെ അറസ്റ്റു ചെയ്യില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
കേസിലെ പ്രധാന ദൃശ്യങ്ങള്‍ പോലീസിന് നല്‍കാതെ ഒളിപ്പിച്ച വ്യക്തിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ കോപ്പി കണ്ടെത്തിയതോടെ ഇതിന്റെ അസ്സല്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പോലീസ് ഉപേക്ഷിച്ചിരുന്നു. തുടരന്വേഷണത്തില്‍ ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ സംരക്ഷിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ ദൃശ്യങ്ങള്‍ ഒളിപ്പിച്ച് തെളിവ് ഇല്ലാതാക്കാന്‍ ശ്രമിച്ച കുറ്റത്തിന് കേസെടുക്കാന്‍ ഒരുങ്ങുന്നത്.