തിരുവനന്തപുരം : മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രവും മാസ്‌കും ധരിക്കരുതെന്ന് വിശ്വാസികൾക്ക് രൂപതയുടെ നിർദേശം. മുഖ്യമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട് രൂപതയുടെ ശതാബ്‌ദി പരിപാടിക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നിയന്ത്രണം നടപ്പാക്കാൻ നിർദേശമില്ലെന്നും വിവാദം ഒഴിവാക്കാനാണ് നടപടിയെന്നും കോഴിക്കോട് രൂപത വ്യക്തമാക്കി. വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ സഭാ വിശ്വാസികൾക്ക് മുൻകരുതൽ എന്ന നിലയിലാണ് കറുത്ത വസ്ത്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
എന്നാൽ മുഖ്യമന്ത്രിയുടെ പരിപാടിയിൽ കോഴിക്കോടും കറുത്ത മാസ്കിന് വിലക്ക്.കറുത്ത മാസ്കോ വസ്ത്രങ്ങളോ ധരിക്കരുതെന്ന് പോലീസ് നിർദേശമുണ്ടെന്നാണ് സംഘാടകർ പറയുന്നത്. പന്തീരാങ്കാവിൽ വെച്ച് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. കോഴിക്കോട് റസ്റ്റ് ഹൗസിലുള്ള മുഖ്യമന്ത്രിക്ക് ഡിസിപിയുടേയും ഡിവൈഎസ്‍പിമാരുടേയും നേതൃത്വത്തിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
തവനൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത ജയിൽ ഉദ്ഘാടന പരിപാടിയിൽ എത്തിയവരോട് കറുത്ത മാസ്ക് മാറ്റാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. പകരം അവർക്ക് മഞ്ഞ മാസ്ക് നൽകി.കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രിക്കെതിരെ ഇന്നും പ്രതിപക്ഷ പ്രതിഷേധമുണ്ടായി. പ്രതിപക്ഷ യുവജന സംഘടനകളുടെ കനത്ത പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾ തുടരുകയാണ്.