റാന്നി : അങ്ങാടി ചെട്ടിമുക്ക് – മല്ലപ്പള്ളി റോഡിലെ ദിശാ ബോർഡുകൾ കാടു മൂടി. മല്ലപ്പള്ളിയേയും റാന്നിയേയും ബന്ധിപ്പിക്കുന്ന പ്രധാന പാത ഉന്നത നിലവാരത്തിൽ പണികഴിപ്പിച്ചിട്ടുള്ളതാണ്. എന്നാൽ ഇതുവഴി ആദ്യമായി എത്തുന്ന യാത്രക്കാർക്ക് ഇത്തരത്തിലുള്ള ദിശ ബോർഡുകൾ പലപ്പോഴും വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ബോർഡുകൾ നോക്കി യാത്ര ചെയ്യുന്നവർക്ക് വഴി തെറ്റാതെ യഥാസ്ഥാനത്തെത്തണമെങ്കിൽ കൈയിൽ വെട്ടുകത്തിയോ മറ്റോ കരുതേണ്ട സ്ഥിതിയാണ്.
പലയിടത്തും വളവുകളിൽ ഉൾപ്പെടെ വഴിയരികിൽ കാട് വളർന്നു നിൽക്കുന്നത് അപകട ഭീഷണി ഉയർത്തുന്നുണ്ട്. വളവുകളും തിരിവുകളും നിറഞ്ഞ റോഡിൽ ശബരിമല തീർത്ഥാടന സമയമായിട്ടും റോഡിന്റെ വശങ്ങളിലെ കാട് നീക്കം ചെയ്തിട്ടില്ല. ചെട്ടിമുക്ക് എത്തി റാന്നിക്കും വലിയകാവിനും തിരിയുന്നത്തിനു മുമ്പ് ദിശ സൂചിപ്പിച്ചുള്ള ബോർഡ് ഇത്തരത്തിൽ കാടു മൂടി കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. തീർത്ഥാടന സമയമായിട്ടും ഇത്തരത്തിൽ ബോർഡുകൾ കാടുമൂടി കിടക്കുന്നത് അധികൃതരുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ പക്ഷം.