കോഴിക്കോട് : കോഴിക്കോട് സ്ഥാനാർത്ഥിയാകുമെന്ന വാർത്തയോട് പ്രതികരിച്ച് സംവിധായകൻ രഞ്ജിത്ത്. പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറാണെന്നും മത്സരിക്കാൻ താൽപ്പര്യം ഉണ്ടോ എന്ന് പാർട്ടി ചോദിച്ചിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. പാർട്ടി തീരുമാനം അനുസരിച്ച് ബാക്കി തീരുമാനം എടുക്കും. ആദ്യ സിനിമ സംവിധാനം ചെയ്തപ്പോഴുണ്ടായ ആശയ കുഴപ്പം രാഷ്ട്രീയ പ്രവേശനത്തിലും ഉണ്ടെന്നും രഞ്ജിത്ത് പറഞ്ഞു.
സിനിമയാണ് കർമ മേഖല. 33 വർഷമായി. നിലവിൽ സിനിമയൊന്നും സംവിധാനം ചെയ്യുന്നില്ല. കോഴിക്കോട് നോർത്തിൽ പതിനഞ്ച് വർഷമായി പ്രദീപ് മികച്ച പ്രവർത്തനമാണ് നടത്തുന്നത്. അതും പാർട്ടിയുടെ തീരുമാനമാണ്. പ്രദീപിനെ പോലെ പ്രാപ്തനായ ഒരു ഭരണാധികാരിയെ കോഴിക്കോടിന് കിട്ടാൻ ബുദ്ധിമുട്ടാണ്’.
കോഴിക്കോട് നോർത്തിൽ സംവിധായകൻ രഞ്ജിത്ത് ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വാർത്ത പുറത്തുവരുന്നത് ഇന്നലെയാണ്. ഇന്നലെ ചേർന്ന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് സംവിധായകൻ രഞ്ജിത്തിനെ സ്ഥാനാർത്ഥിയാക്കുന്നത് സംബന്ധിച്ച് തീരുമാനമായത്. സ്ഥാനാർഥി തീരുമാനം രണ്ട് ദിവസം കഴിഞ്ഞുണ്ടാകുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ പറഞ്ഞു.