എറണാകുളം : മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ടി.എസ്. മോഹന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. എറണാകുളത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
ലില്ലിപ്പൂക്കള്‍, വിധിച്ചതും കൊതിച്ചതും, ബെല്‍റ്റ് മത്തായി, താളം, പടയണി, കേളികൊട്ട്’, കൗശലം, ശത്രു തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്. 1979 ല്‍ സുകുമാരന്‍, കൃഷ്ണചന്ദ്രന്‍, വിന്‍സന്റ്, രതീഷ്, പ്രമീള, ശോഭ എന്നിവര്‍ അഭിനയിച്ച് ശ്രദ്ധേയമായ ലില്ലിപ്പൂക്കള്‍ ആയിരുന്നു ആദ്യ ചിത്രം. 1993 ല്‍ ബെന്നി പി. നായരമ്പലത്തിന്റെ രചനയില്‍ സിദ്ധിഖ്, ഉര്‍വശി എന്നിവര്‍ അഭിനയിച്ച കൗശലമാണ് അവസാന ചിത്രം.
1983 ല്‍ സുകുമാരന്‍, രതീഷ്, ഉണ്ണിമേരി എന്നിവര്‍ അഭിനയിച്ച ബെല്‍റ്റ് മത്തായി മറ്റൊരു വന്‍ വിജയ ചിത്രമായിരുന്നു. സുകുമാരനും മൂത്ത മകന്‍ ഇന്ദ്രജിത്തും ഒന്നിച്ച് അഭിനയിച്ചിട്ടുള്ള ചിത്രമാണ് ‘പടയണി’. ഇതില്‍ ബാലതാരമായെത്തിയ ഇന്ദ്രജിത് മോഹന്‍ലാലിന്റെ കുട്ടിക്കാലമാണ് അവതരിപ്പിച്ചത്.