തൃശൂര്‍: കോവിഡ് ബാധിതനാണോയെന്നു പരിശോധിക്കാനുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ നിരക്ക് സര്‍ക്കാര്‍ 500 രൂപയാക്കി കുറച്ചതോടെ സ്വകാര്യ ആശുപത്രികളും ലാബുകളും പരിശോധനതന്നെ നിര്‍ത്തിവച്ചു. പഴയ നിരക്കായ 1,700 രൂപ അടയ്ക്കാന്‍ തയ്യാറാണെങ്കില്‍ മാത്രം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താമെന്നാണ് സ്വകാര്യ ആശുപത്രികളുടേയും ലാബുകളുടേയും നിലപാട്.
സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന 500 രൂപയ്ക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ കഴിയില്ലെന്നാണ് ലാബുടമകളുടെ സംഘടനാ നേതാക്കള്‍ വ്യക്തമാക്കുന്നത്. പരിശോധനാ കിറ്റിനുതന്നെ 400 രൂപ വിലവരും. പരിശോധാ കിറ്റ് സര്‍ക്കാര്‍ സൗജന്യ നിരക്കില്‍ നല്‍കുമെന്ന വാഗ്ദാനത്തോടെയാണ് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഉത്തരവിട്ടെന്നതല്ലാതെ ലാബുകള്‍ക്ക് സൗജന്യ നിരക്കിലുള്ള പരിശോധനാ കിറ്റുകള്‍ ഇതുവരേയും ലഭിച്ചിട്ടില്ലെന്നു ലാബുടമകള്‍ പറയുന്നു.
ലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള യന്ത്രസംവിധാനം 20 ലക്ഷം രൂപ മുടക്കിയാണു സ്ഥാപിച്ചിട്ടുള്ളത്. സ്വകാര്യ ആശുപത്രികളില്‍ പരിശോധനാ സംവിധാനങ്ങളില്ല. ആശുപത്രികളില്‍ ശേഖരിക്കുന്ന സാമ്പിളുകള്‍ ജില്ലാ ആസ്ഥാനത്തുള്ള ആര്‍ടിപിസിആര്‍ പരിശോധനാ സൗകര്യമുള്ള ലാബുകളില്‍ എത്തിക്കുകയാണു ചെയ്യുന്നത്.
സാമ്പിളുകള്‍ ശേഖരിക്കാനും അവ സുരക്ഷിതമായി ലാബുകളില്‍ എത്തിക്കാനും സുരക്ഷാ ക്രമീകരണങ്ങളോടെ വിദഗ്ധ ജീവനക്കാരെ നിയോഗിക്കണം. സാമ്പിളിന്റെ ലാബ് പരിശോധനയും റിസ്കുള്ളതിനാല്‍ കൂടുതല്‍ പ്രതിഫലം നല്‍കിയാണ് വിദഗ്ധരെ നിയോഗിച്ചിരിക്കുന്നത്. പോസിറ്റീവാണെങ്കില്‍ ഫലവും രോഗിയുടെ വിലാസവും മറ്റും അതതു ദിവസംതന്നെ ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റില്‍ രേഖപ്പെടുത്തണം. ഈ ജോലിക്കും വിദ്ഗധരെ നിയോഗിച്ചിരിക്കുകയാണ്.
സര്‍ക്കാര്‍ നിര്‍ദേശിച്ച 500 രൂപ നിരക്കില്‍ പരിശോധന നടത്തിയാല്‍ റിസ്കുള്ള ജോലി ചെയ്യുന്ന വിദഗ്ധ ജീവനക്കാര്‍ക്കു പ്രതിഫലം അടക്കമുള്ള ചെലവുകള്‍ക്കു ലാബുടമകള്‍ വേറെ വഴി കണ്ടെത്തേണ്ടിവരുമെന്ന് മെഡിക്കല്‍ ലാബ് ഓണേഴ്സ് അസോസിയേഷന് തൃശൂര്‍ ജില്ലാ പ്രസിഡന്റ് ജേക്കബ് പഞ്ഞിക്കാരന്‍ പറഞ്ഞു. ഒറ്റയ്ക്കൊരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ലാബിനു മാത്രമാണ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ഇതടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായും ലാബുകള്‍ ഭീമമായ തുക ചെലവാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതേസമയം സാമ്പിളുകള്‍ ശേഖരിക്കുന്ന ആശുപത്രികള്‍ക്കു ഭീമമായ നിരക്കിലാണ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്ന ലാബുകള്‍ കമ്മീഷന് നല്‍കുന്നതെന്ന് ആരോപണമുണ്ട്. അതു കമ്മീഷനല്ല, സാമ്പിള്‍ ശേഖരിച്ച് സൂക്ഷിക്കുന്നതിനുള്ള നിരക്കാണെന്നാണ് സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടേയും നിലപാട്. തുടക്കത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് 2,700 രൂപയാണ് ലാബുകള്‍ ഈടാക്കിയിരുന്നത്. പിന്നീടത് 2,300 രൂപയും 1,700 രൂപയുമാക്കി കുറയ്ക്കുകയായിരുന്നു.