ന്യൂഡൽഹി : ബി.ജെ.പി. വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് കാര്യകാരണങ്ങൾ വിശദമാക്കി മുൻകേന്ദ്രമന്ത്രിയും അസൻസോൾ എം.പിയുമായ ബാബുൽ സുപ്രിയോ. പാർട്ടിയിൽ അർഹമായ പരിഗണന ലഭിക്കാത്തതിൽ താൻ നിരാശനായിരുന്നുവെന്ന് അദ്ദേഹം എൻ.ഡി.ടി.വിയോടു പ്രതികരിച്ചു. എനിക്ക് നിരാശ തോന്നി. ഏഴുവർഷം ഞാൻ കഠിനാധ്വാനം ചെയ്തു. ബംഗാളിനു വേണ്ടി ഞാൻ പൊരുതിയില്ലെന്നും പാർട്ടിയ്ക്ക് വേണ്ടി നല്ലതൊന്നും ചെയ്തില്ലെന്നും എന്റെ വിമർശകർ പോലും പറയില്ല- അദ്ദേഹം പറഞ്ഞു.
ഞാൻ ടീമിലുണ്ടാകണമെന്ന് കോച്ച് ആഗ്രഹിക്കുന്ന എന്നെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ഒരിടത്തേക്ക് പോകണമെന്ന് എനിക്ക് തോന്നി- ബാബുൽ സുപ്രിയോ പറഞ്ഞു. എല്ലാം സംഭവിച്ചത് കഴിഞ്ഞ മൂന്നുദിവസത്തിനുള്ളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിശയിപ്പിക്കുന്നതും വെല്ലുവിളി നിറഞ്ഞതുമായ അവസരത്തെ കുറിച്ച് തന്നോടു പറഞ്ഞത് തൃണമൂൽ എം.പി. ഡെറിക് ഒബ്രിയാൻ ആണെന്നും ബാബുൽ പറഞ്ഞു. ശനിയാഴ്ചയാണ് ബാബുൽ സുപ്രിയോ തൃണമൂലിൽ ചേർന്നത്.