ന്യൂഡല്‍ഹി : സി.ബി.ഐ മുന്‍ ഡയറക്ടര്‍ അലോക് വെര്‍മ്മക്കെതിരെ അച്ചടക്ക് നടപടിക്ക് ശിപാര്‍ശ ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും സേവന നിയമങ്ങള്‍ ലംഘിക്കുകയും ചെയ്തതിനാണ് നടപടിക്ക് ശിപാര്‍ശയെന്ന് അധികൃതര്‍ അറിയിച്ചു.
അലോക് വെര്‍മ്മക്കെതിരെ ആവശ്യമായ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം നോഡല്‍ മന്ത്രാലയമായ പേഴ്സണല്‍ ആന്റ് ട്രെയിനിംഗ് ഡിപ്പാര്‍ട്ട്മെന്റിന് കത്തയച്ചു. ശിപാര്‍ശക്ക് അംഗീകാരം ലഭിച്ചാല്‍, അദ്ദേഹത്തിന്റെ പെന്‍ഷനും വിരമിക്കല്‍ ആനുകൂല്യങ്ങളുമെല്ലാം താത്കാലികമായോ സ്ഥിരമായോ നഷ്ടപ്പെട്ടേക്കാമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്.
സര്‍വീസ് അവസാനിക്കാന്‍ മൂന്നു മാസം മാത്രം ശേഷിക്കെയായിരുന്നു തലപ്പത്തുനിന്ന് അലോകിനെ നീക്കിയത്. സി.ബി.ഐ തലപ്പത്തെ മറ്റൊരു ഉദ്യോഗസ്ഥനായ രാകേഷ് അസ്താനയും തമ്മിലുള്ള അധികാര തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അലോകിനെ നീക്കിയത്.
അലോക് വെര്‍മ്മയുടെയും ഫോണ്‍ ഇസ്രായേല്‍ ചാര സോഫ്റ്റ് വെയര്‍ പെഗസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്നിരുന്നു. സി.ബി.ഐയുടെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയായിരുന്നു പെഗസസ് നിരീക്ഷണം ആരംഭിച്ചത്.