കോന്നി : സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദൂരം ഇന്‍റര്‍ലോക്ക് കട്ടകള്‍ പാകിയ ചിറ്റാര്‍ നീലിപിലാവ് റോഡിലെ ഇന്‍റര്‍ലോക്ക് കട്ടകള്‍ ഇളകി മാറുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. തണ്ണിത്തോട് കൂത്താടിമണ്‍ മുതലുള്ള 1.6 കിലോമീറ്റര്‍ ദൂരമാണ് ഇന്‍റര്‍ലോക്ക് കട്ടകള്‍ പാകി നവീകരിച്ചത്. തണ്ണിത്തോട് ചിറ്റാര്‍ റോഡില്‍ വനഭാഗത്ത് വെള്ളമൊഴുക്ക് ഉള്ള ഭാഗങ്ങളില്‍ ടാറിംഗ് ഇളകി മാറുന്നത് തടയുവാനായിരുന്നു ഇവിടെ ഇന്‍റര്‍ലോക്ക് കട്ടകള്‍ പാകി നവീകരിച്ചത്.എന്നാല്‍ ഘര്‍ഷണം കുറവുള്ള കട്ടകളിലൂടെ കടന്ന് പോകുന്ന വാഹനങ്ങള്‍ തെന്നി മാറുന്നതാണ് കൂടുതലും അപകടങ്ങള്‍ക്ക് വഴിവെച്ചിട്ടുള്ളത്.
തണ്ണിത്തോട് ചിറ്റാര്‍ റോഡില്‍ മാക്രിപാറയ്ക്ക് സമീപത്തായാണ് കൂടുതലും അപകടങ്ങള്‍ നടന്നിട്ടുള്ളത്. ഇന്‍റര്‍ലോക്ക് കട്ടകള്‍ ഇളകി മാറുന്നതാണ് ഇപ്പോള്‍ അപകട ഭീഷണി ഉയര്‍ത്തുന്നത്.ഇളകി മാറുന്ന കട്ടകള്‍ റോഡില്‍ നിരന്ന് കിടക്കുന്നതും കട്ടകള്‍ ഇളകി മാറുന്ന ഭാഗത്തെ കുഴികളും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ബസ്, ഓട്ടോറിക്ഷ, ബൈക്ക് തുടങ്ങി നിരവധി വാഹനങ്ങളാണ് അപകടത്തില്‍ പെട്ടിട്ടുള്ളത്. തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ ജീപ്പും മുന്‍പ് ഇവിടെ അപകടത്തില്‍ പെട്ടിരുന്നു.
ആദ്യഘട്ടത്തില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവായതോടെ അധികൃതര്‍ അപകട സാധ്യതയുള്ള ഭാഗത്ത് മുളകൊണ്ടുള്ള വേലി നിര്‍മ്മിച്ചെങ്കിലും ഇതും ഫലം കണ്ടില്ല. പിന്നീട് ഇവിടെ അധികൃതര്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും വേലി കെട്ടിയിരുന്ന ഭാഗത്ത് ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കുകയും ചെയ്തു. കുത്തനെ കയറ്റവും ഇറക്കവുമുള്ള റോഡില്‍ കര്‍ഷണം കുറവുളള റോഡില്‍ ഇത് പരിഹരിക്കുവാന്‍ ടാറും മണലും ചേര്‍ന്ന മിശ്രിതം സ്പ്രേ ചെയ്താല്‍ മതിയെന്നും അധികൃതര്‍ അഭിപ്രായപ്പെടുന്നുണ്ട്.