ആലപ്പുഴ : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. ആലപ്പുഴ ചേര്‍ത്തലയിലാണ് സംഭവം. ആലുങ്കല്‍ മറ്റത്തില്‍ വീട്ടില്‍ മണിയന്‍ (78)ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസികളായ സുന്ദരേശ്വര റാവു, ശ്രീധര റാവു എന്നിവര്‍ അറസ്റ്റിലായി.
ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി മണിയനും മറ്റ് രണ്ടു പേരുമായി വഴിത്തര്‍ക്കമുണ്ടായിരുന്നു. ബൈക്കില്‍ വരികയായിരുന്ന സുന്ദരേശ്വര റാവുവിനേയും ശ്രീധര റാവുവിനേയും മണിയന്‍ വഴിയില്‍ തടഞ്ഞു. ഇതേ തുടര്‍ന്നുണ്ടായ സംഘട്ടനത്തിനിടെ മണിയനെ സുന്ദരേശ്വര റാവുവും ശ്രീധര റാവുവും ചേര്‍ന്ന് മർദ്ദിക്കുകയും പിടിച്ച് തള്ളുകയുമായിരുന്നു. തലയിടിച്ച് വീണ മണിയനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്. പോലീസ് കേസെടുത്തു. മണിയന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.