കൊച്ചി : തപാൽ വോട്ടുകളുടെ യഥാർത്ഥ വിവരം പുറത്തുവിടണമെന്നാവശ്യപ്പെട്ട് അഞ്ച് യുഡിഎഫ് സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ പരാതി നൽകി. അപേക്ഷകരുടെ എണ്ണം, അച്ചടിച്ചവയുടെ എണ്ണം എന്നിവ അറിയിക്കണം എന്നാണ് സ്ഥാനാർത്ഥികളുടെ ആവശ്യം. പി സി വിഷ്ണുനാഥ്, ബിന്ദുകൃഷ്ണ, അബ്ദുറഹ്മാൻ രണ്ടത്താണി, പാറയ്ക്കൽ അബ്ദുള്ള, ബി ആർ എം ഷഫീർ എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
തങ്ങളുടെ മണ്ഡലങ്ങളിലെ തപാൽ വോട്ടുകളുടെ യഥാർത്ഥ വിവരം കൈമാറണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. തപാൽ വോട്ടുകളുടെ സീരിയൽ നമ്പറുകളും കൈമാറണമെന്നും സ്ഥാനാർത്ഥികൾ ആവശ്യപ്പെടുന്നു. മൂന്നര ലക്ഷം അപേക്ഷകർക്കായി 10 ലക്ഷം ബാലറ്റുകൾ അച്ചടിച്ചെന്ന് ആരോപണം. പ്രത്യേക കേന്ദ്രത്തിൽ തപാൽ വോട്ട് ചെയ്തവർക്ക് വീണ്ടും തപാൽ വോട്ട് വരുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
വോട്ടർപട്ടികയിൽ ഇരട്ടവോട്ട് ആരോപണത്തിന് പിന്നാലെ തപാൽ വോട്ടിലെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഒറ്റപ്പെട്ട ചില പരാതികളാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. മേൽവിലാസത്തിൽ ഉണ്ടായ മാറ്റം ഉൾപ്പടെയുള്ളവയാകും വീണ്ടും തപാൽ വോട്ട് വന്നതെന്നാണ് കമ്മീഷന്റെ പ്രാഥമിക നിഗമനം. ആക്ഷേപത്തെക്കുറിച്ച് പരിശോധിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി.