പാലക്കാട്: പൊതുവിഷയങ്ങളിൽ നേതൃത്വത്തിന്റെ അനുമതിയില്ലാതെ പ്രസ്താവന ഇറക്കുന്നതും നിയമ നടപടി സ്വീകരിക്കുന്നതും വിലക്കി ബിജെപി സംസ്ഥാന നേതൃത്വം. ഭാരവാഹികളും ജനപ്രതിനിധികളും അംഗങ്ങളും മുൻകൂട്ടി അനുമതി വാങ്ങാതെ പൊതുവിഷയങ്ങളിൽ നിയമനടപടി സ്വീകരിക്കാനും അന്വേഷണ ഏജൻസികൾക്കു പരാതി നൽകാനും പാടില്ലെന്ന് സംസ്ഥാന കമ്മിറ്റി ഒാഫീസിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ പി സുധീർ ഇറക്കിയ സർക്കുലറിൽ പറയുന്നു. പാർട്ടി വക്താക്കളോ സംഘടന ചുമതലപ്പെടുത്തിയ മീഡിയ പാനലിൽ ഉള്ളവരോ ഒഴികെ ആരും സംസ്ഥാന അധ്യക്ഷൻ, മീഡിയ പ്രഭാരി എന്നിവരുടെ അനുമതിയില്ലാതെ പൊതുവിഷയങ്ങളിൽ പ്രതികരിക്കരുതെന്നും അഭിമുഖം നൽകരുതെന്നും ചർച്ചകളിൽ പങ്കെടുക്കരുതെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
റാപ്പർ വേടനെതിരെ പാലക്കാട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷ മിനി കൃഷ്ണകുമാർ ആഭ്യന്തര മന്ത്രാലയത്തിന് പരാതി അയച്ചതിൽ നേതൃത്വം അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിലക്ക്. വേടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരവും ആക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചായിരുന്നു പരാതി. ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണവും അവർ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേടൻ പാട്ടിലൂടെ അധിക്ഷേപിച്ചുവെന്നും മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ച വേടനെ കുറിച്ച് അന്വേഷിക്കണമെന്നുമായിരുന്നു മിനി കൃഷ്ണകുമാറിന്റെ ആവശ്യം. വേടന്റെ പാട്ടിൽ രാജ്യത്തെ സാഹോദര്യം ഇല്ലാതാക്കുന്ന രീതിയിലുള്ള വാക്കുകളുണ്ടെന്ന് മിനി കൃഷ്ണകുമാർ പറഞ്ഞിരുന്നു.
ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യപത്രാധിപർ എൻ ആർ മധുവാണ് വേടനെതിരായ ‘സംഘ്പരിവാർ വേട്ട’യ്ക്ക് തുടക്കമിട്ടത്. വേടന്റെ പാട്ടുകൾ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ പരാമർശം. വളർന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെയ്ക്കുന്ന കലാഭാസമാണ് വേടൻ നടത്തുന്നതെന്നും വേടന്റെ പിന്നിൽ രാജ്യത്തിന്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നും മധു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വേടനെതിരെ അധിക്ഷേപവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല രംഗത്തെത്തി. വേടന്റെ തുണിയില്ലാച്ചാട്ടങ്ങൾക്ക് മുൻപിൽ സമാജം അപമാനിക്കപ്പെടുകയാണെന്നായിരുന്നു ശശികലയുടെ പ്രതികരണം.