പത്തനംതിട്ട : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരേയും, പൗരത്വ ഭേദഗതി നിയമം റദ്ദു ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് നേതൃത്വം നല്‍കുന്ന ജനകീയ പ്രക്ഷോഭ ജ്വാല ജില്ലാ പദയാത്ര 23 മണ്ഡലങ്ങളിലൂടെ 125 കിലോമീറ്റര്‍ പിന്നിട്ടു.
ഈ ദിവസങ്ങളില്‍ 48 വലിയ പൊതുയോഗങ്ങള്‍ നടന്നു. പദയാത്രയില്‍ 50 സ്ഥിരാംഗങ്ങളെ കൂടാതെ നൂറു കണക്കിന് പ്രവര്‍ത്തകര്‍ പദയാത്രയെ അനുധാവനം ചെയ്യുന്നുണ്ട്. പദയാത്ര കാണുവാനും സംവദിക്കാനും പൊതു സമൂഹം കാണിക്കുന്ന താല്‍പര്യം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് ജനങ്ങള്‍ക്കുള്ള അതൃപ്തി വ്യക്തമാക്കുന്നുവെന്ന് ബാബു ജോര്‍ജ്ജ് പറഞ്ഞു.
ജനുവരി 30 ന് യു.ഡി.എഫ് നേതൃത്വത്തില്‍ നടത്തുന്ന മനുഷ്യഭൂപടം അവിസ്മരണീയമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്ക് വേണ്ടി തിരുവല്ല ബ്ലോക്കിലെ പദയാത്രാ പരിപാടിയില്‍ മാറ്റം വരുത്തി. തിരുവല്ലാ ബ്ലോക്കില്‍ ഫെബ്രുവരി 17, 18 തീയതികളില്‍ പദയാത്ര നടക്കും. സമാപന സമ്മേളനം ഫെബ്രുവരി 19 ലേക്ക് മാറ്റിയതായും ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം റദ്ദുചെയ്യണമെന്നും എന്‍.ആര്‍.സി യും എന്‍.പി.ആര്‍ ഉം നടപ്പാക്കുനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മനുഷ്യ ഭൂപടം നിര്‍മ്മിക്കുന്നത്. പത്തനംതിട്ട പുതിയ ബസ് സ്റ്റാന്‍റിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.