ജോധ്‌പൂര്‍ : ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജസ്ഥാനിലെ ജോധ്‌പൂര്‍ ജില്ലയില്‍ ജാഗ്രത വര്‍ധിപ്പിച്ച് ജില്ലാ ഭരണകൂടം. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ ജോധ്‌പൂരിലെ മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും അംഗണവാടികളും അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഗൗരവ് അഗര്‍വാള്‍ ഉത്തരവിട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ജോധ്‌പൂരിന് പുറമെ ശ്രീഗംഗാനര്‍, ബിക്കാനര്‍, ജയ്‌സാല്‍മീര്‍, ബര്‍മെര്‍ ജില്ലകളിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ് പ്രകാരം രാജസ്ഥാനിലെ വിവിധ നഗരങ്ങളില്‍ ഇന്നലെ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചിരുന്നു.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ആദ്യഘട്ട മോക്ക് ഡ്രില്‍ നടന്നത്. ഇതിന് ശേഷം രാത്രി 8.30 മുതല്‍ 8.45 വരെ വൈദ്യുതിബന്ധം പൂര്‍ണമായും വിച്ഛേചിച്ചു. വാഹനങ്ങളുടെ ഹെഡ്‌ലൈറ്റുകള്‍ ഓഫ് ചെയ്യാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. ട്രെയിന്‍ സര്‍വീസുകള്‍ 15 മിനിറ്റ് സമയം നിര്‍ത്തിവെച്ച് മോക്ക് ഡ്രില്ലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിക്കുന്ന പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയാണ് ജോധ്‌പൂരിലുള്ളത്. ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ത്യയില്‍ അടച്ചിട്ടിരിക്കുന്ന വിമാനത്താവളങ്ങളിലൊന്നാണ് ജോധ്‌പൂര്‍.